കോവിഡ് പ്രതിരോധം: സുപ്രധാന ജോലികൾ പൊലീസിനെ ഏൽപ്പിച്ചത് സംസ്ഥാനത്തെ പൊലീസ് രാജിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന ജോലികൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിനെ ഏൽപ്പിച്ചത് സംസ്ഥാനത്തെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്കും നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് വ്യാപനത്തിന്റെ കാരണം സംസ്ഥാനത്തെ അധികൃതരുടെ അലംഭാവമാണെന്ന് കുറ്റസമ്മതം നടത്തിയ മുഖ്യമന്ത്രി അത് അപകടമായെന്ന് കണ്ടപ്പോൾ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ വച്ചുകെട്ടാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നതെന്നും തുറന്ന കത്തിൽ രമേശ് ചെന്നത്തല ആരോപിച്ചു.
കത്തിന്റെ പൂർണ്ണ രൂപം
ബഹു. മുഖ്യമന്ത്രി,
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പ്രധാന ചുമതലകൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിന് നൽകിയ നടപടി അമ്പരപ്പിക്കുന്നതാണ്. കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുക, ക്വാറന്റയിനിൽ കഴിയുന്നവരെ മോണിറ്റർ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക, മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളലും ശാരീരികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പൊലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഇത് ക്രമസമധാന പ്രശ്നങ്ങൾക്കും പൊലീസ് അതിക്രമങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണമാകുമെന്നതിൽ സംശയമില്ല. കോവിഡിന്റെ ആക്രമണത്തിൽ ഭയചകിതരായ ജനങ്ങളെ കൂടുതൽ ഭയത്തിലേക്കും പരിഭ്രാന്ത്രിയിലേക്കും നയിക്കുന്നതാവും ഈ പരിഷ്ക്കാരം. ഫലത്തിൽ പൊലീസ് രാജായിരിക്കും നടക്കാൻ പോകുന്നത്.
കോവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പൊലീസിന്റെ ഉരുക്കു മുഷ്ഠി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ച പൂന്തുറയിൽ എന്താണ് സംഭവിച്ചതെന്ന മുഖ്യമന്ത്രി ഓർക്കുമല്ലോ? അവശ്യസാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കുമെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നതാണ്. അതും നടപ്പായില്ല. വീണ്ടും അത് തന്നെ ചെയ്യുമെന്നാണ് പറയുന്നത്.
ഇത് ഒരു ആരോഗ്യ പ്രശ്നമാണ്, ക്രമസമാധാന പ്രശനമല്ല എന്ന് നേരത്തെ തന്നെ ഞാൻ ഓർമ്മി്പപിച്ചിട്ടുള്ളതാണ്. This is a Health Crisis and not a law and order crisis. ആരോഗ്യ പ്രവർത്തകർ ആണ് കോവിഡ് പ്രതിരോധത്തിനു നേതൃത്വം കൊടുക്കണ്ടത്. ആരോഗ്യ വകുപ്പിനെ അപമാനിക്കുകയാണ് ഈ തീരുമനത്തിലൂടെ അങ്ങ് ചെയ്തിരിക്കുന്നത്.
അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വ്യാപകമായതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയിരുന്നല്ലോ? രാവിലെ കുടുബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ ഇങ്ങനെ പറഞ്ഞ അങ്ങ് വൈകിട്ട് പതിവ് വാർത്താ സമ്മേളനത്തിൽ വാർത്താ ലേഖകർ ചോദിച്ചപ്പോൾ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ ചാർത്തി തകിടം മറിഞ്ഞത് ആശ്ചര്യകരമാണ്.
മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് കോവിഡ് പടർന്നു പിടിച്ചതെന്ന് കുറ്റബോധത്തോടെ രാവിലെ സമ്മതിച്ച മുഖ്യമന്ത്രി അത് കുഴപ്പമായെന്ന് കണ്ടപ്പോൾ വൈകിട്ട് പ്രതിപക്ഷത്തിന് മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ ഈ കാപട്യം തന്നെയാണ് കേരളത്തിൽ കോവിഡ് പടർന്നു പിടിക്കാൻ കാരണമായത്. ദിവസവും വൈകിട്ട് ടി.വി ചാനലുകളിലൂടെ ഒരു മണിക്കൂർ സാരോപദേശം നടത്തും. എന്നിട്ട് മറുവശത്തു കൂടി സംസ്ഥാനത്തെ കൊള്ളയടിക്കാൻ നോക്കും. കോവിഡിന്റെ മറപടിച്ച് സ്പ്രിംഗ്ളർ മുതൽ സ്വർണ്ണക്കടത്ത് വരെ എത്രയെത്ര കൊള്ളകളാണ് സംസ്ഥാനത്ത് നടന്നത്.
വലിയ രക്ഷകനെപ്പോലെ ചമഞ്ഞ് പ്രഭാഷണം നടത്തിയ ശേഷം കൊള്ള നടത്തലായിരുന്നു പണി. കൊള്ള ആസൂത്രണം ചെയ്യാൻ ചിലവാക്കിയ സമയം കോവിഡ് പ്രതിരോധത്തിന് ചിലവിട്ടിരുന്നെങ്കിൽ സംസ്ഥാനം ഇപ്പോഴത്തെ ഭയാനകമായ അവസ്ഥയിലെത്തുകയില്ലായിരുന്നു.
പ്രതിപക്ഷം സമരം നടത്തിയത് കാരണമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിപക്ഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരമിരുന്നതു കൊണ്ടാണോ പൂന്തുറയിലും ചെല്ലാനത്തും കോഴിക്കോട്ടും പൊന്നാനിയിലും കണ്ണൂരും രോഗബാധയുണ്ടായത്? കേരളത്തിലെ ജനങ്ങളെല്ലാം വിഡ്ഡികളാണെന്നാണോ മുഖ്യമന്ത്രി കുരുതുന്നത്?
യുദ്ധം ജയിക്കുന്നതിനു മുൻപ് ഞങ്ങൾ ജയിച്ചു എന്ന് പറഞ്ഞു സർക്കാർ നടത്തിയ പി ആർ ആഘോഷങ്ങൾക്ക് കൊറോണ വ്യാപനം രൂക്ഷമായതിൽ വലിയ പങ്കുണ്ട്. മരത്തോൺ ആണെങ്കിലും നൂറു മീറ്റർ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നല്ലോ സർക്കാർ. നമ്മൾ ഒന്നാമതാണ്, നമ്മൾ കൊറോണയെ തുരത്തി എന്ന് സർക്കാർ അവകാശപെട്ടപ്പോൾ ജനങ്ങൾ അത് വിശ്വസിച്ചു. ലോകമാധ്യമങ്ങൾ പോലും കേരള സർക്കാറിന്റെ വീരകഥകൾ പാടി നടന്നപ്പോൾ പാവം ജനങ്ങൾ അതെല്ലാം സത്യമാണെന്ന് വിശ്വസിച്ചു. അത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. അവരുടെ
ജാഗ്രതയിൽ അയവുവരാൻ ഇത് കാരണമായി.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി കീം പരീക്ഷ നടത്തിയത് എന്തു സന്ദേശമാണ് നൽകിയതെന്ന മുഖ്യമന്ത്രി പരിശോധിക്കണം. ട്രിപ്പിൾ ലോക്ഡൗൺ നിലനിന്ന പ്രദേശത്ത് പോലും കുട്ടികളെ കൂട്ടത്തോടയല്ലേ സർക്കാർ അണിനിരത്തിയത്. കോവിഡ് ഒരു പ്രശ്നമല്ല എന്ന സന്ദേശമല്ലേ ഇത് വഴി സർക്കർ പുറത്തേക്ക് നൽകിയത്?
മാത്രമല്ല, ലോക്ഡൗൺ കാലത്ത് മന്ത്രിമാർ ഓടി നടന്ന് പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു. അത് എന്തു സന്ദേശമാണ് നൽകയിത്.?
കേരളം മുന്നിലാണെന്ന് വരുത്തി തീർക്കാൻ ടെസ്റ്റുകൾ മന:പൂർവ്വം നടത്താതിരുന്നതും കോവിഡ് കണക്കുകൾ കുറച്ചുകാണിച്ചതും സംസ്ഥാന സർക്കാരിനുണ്ടായ വലിയ വീഴ്ചകളാണ്.
വിദേശത്ത് നിന്ന് വരുത്തുന്നവരിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിലും മാത്രമായി ടെസ്റ്റുകൾ ഒതുക്കി. അതിനിടയിൽ ഇവിടെ നിശബ്ദമായി രോഗം പടരുന്നത് അറിയാതെ പോയി. തലയിൽ ചക്കവീണുമിരച്ചയാൾക്കും കള്ളച്ചാരായം വിറ്റതിന് ഓടിച്ചിട്ട് പിടിച്ചയാൾക്കും വാഹന അപകടങ്ങളിൽ പെട്ട് ചെല്ലുന്നവർക്കും വ്യാപകമായി രോഗം കണ്ടപ്പോൾ അത് സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്ന് പ്രതിപക്ഷം പറഞ്ഞിട്ടും മുഖ്യമന്ത്രി ഗൗനിച്ചില്ലല്ലോ? കേരളത്തിൽ നിന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവർക്കൊക്കെ കോവിഡ് ബാധ കണ്ടെത്തിയപ്പോഴും സംസ്ഥാനം ഉണർന്നില്ല.
അയൽ സംസ്ഥാനങ്ങളിൽ മുപ്പതിനായിരവും നാൽപതിനായിരവും ടെസ്റ്റുകൾ നടത്തുമ്പോൾ കേരളത്തിൽ കഷ്ടിച്ച് രണ്ടായിരമായിരുന്നു ടെസ്റ്റുകൾ. പി ആറിനു വേണ്ടി ടെസ്റ്റുകളുടെ എണ്ണം കുറച്ചു, കാണിച്ചു. അത് കൊണ്ട് സമൂഹത്തിൽ hidden ആയിട്ടുള്ള രോഗികളെ കണ്ടെത്താൻ സാധിച്ചില്ല. ഇതും രോഗവ്യാപനത്തിനു കാരണമായി. ഇപ്പോൾ നമ്മുടെ Test Positivity Ratio (TPR) 4.9 ആണ്.
മൊത്തം ടെസ്റ്റുകളുടെ കാര്യത്തിലും, Test per Million കണക്കിലും നമ്മൾ ഇപ്പോഴും പത്താം സ്ഥാനത്തു മാത്രമാണ് എന്ന കാര്യം അങ്ങ് ഓർക്കണം. Recovery Rate കണക്കിലാവട്ടെ 25 സംസ്ഥാനങ്ങൾ എടുത്താൽ നമ്മൾ 21-ാം സ്ഥാനത്താണ്.
സമ്പർക്ക വ്യാപനത്തിന്റെ സൂചനകൾ നമ്മുക്ക് നേരെത്തെ ലഭിച്ചിട്ടും ആഘോഷ തിമിർപ്പിൽ അതിനെ തമസ്കരിച്ചതല്ലേ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്? മാർച്ച് 31 നു തിരുവന്തപുരത്തെ പോത്തൻകോടിൽ മരിച്ച വ്യക്തിക്ക് കോവിഡായിരുന്നു. ഉറവിടം അറിയില്ലായിരുന്നു. ഇത് സാമൂഹ്യ വ്യാപനത്തിന്റെ സൂചനയായിരുന്നു.
തിരുവന്തപുരത്ത് ഒരു മാസത്തോളം ആശുപത്രിയിൽ മാത്രം കഴിഞ്ഞിരുന്ന മറ്റൊരു വ്യക്തി മരിച്ചതിനു ശേഷം നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു. അങ്ങനെ നിരവധി സൂചനകൾ ലഭിച്ചിരുന്നു. ഇതെല്ലം സർക്കാർ അവഗണിക്കുകയായിരുന്നു.
അപ്പോൾ മുതൽ ഈ വൈറസ് ആരുമറിയാതെ വ്യാപനം നടത്തുന്നു എന്നായിരുന്നില്ലേ അതിന്റെ സൂചന?
കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് കണക്കുകൾ ആശങ്കപ്പെടുത്തുന്ന നിലയിലാണ് വർദ്ധിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ നിന്നും സർക്കാർ കൈയൊഴിഞ്ഞ മട്ടാണ്. ആരുടെ തലയിലാണ് തങ്ങളുടെ വീഴ്ച കെട്ടിവയ്ക്കേണ്ടത് എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രി മുഴുകിയിരിക്കുന്നത്.
മാർച്ച് 21 നു രാജ്യം മുഴുവൻ ലോക്കഡൗണിലേക്കു നീങ്ങിയപ്പോൾ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 109 ആയിരുന്നു. മെയ് 8 വരെ മൊത്തം രോഗികളുടെ എണ്ണം 500 ആയിരുന്നു. ഇപ്പോൾ ഓരോദിവസസവും 1000 രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പടുന്നത്. കേരളത്തിലെ ആദ്യ 1000 പേരിൽ രോഗമെത്താൻ 118 ദിവസങ്ങൾ വേണ്ടിവന്നു. രണ്ടാമത്തെ 9 ദിവസവും, മൂന്നാമത്തേത് 4 ദിവസവും ഇപ്പോൾ ഓരോ ദിവസവും ആയിരത്തിനുമേൽ. ജൂലൈ മാസത്തിലാണ് കേരളത്തിലെ മൂന്നിൽ രണ്ട് രോഗികളും ഉണ്ടായിരിക്കുന്നത്. ഇതിൽ ഏതാണ്ട് 60 ശതമാനവും സമ്പർക്കം മൂലമാണ് എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. മരണത്തിന്റെ വ്യാപരികളെന്ന് സി.പി.എമ്മുകാർ ആക്ഷേപിച്ച പ്രവാസികളിൽ രോഗികളുടെ ശതമാനം വളരെ കുറവാണ്.
രോഗം വല്ലാതെ പടരുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് അടിയന്തിരമായി വർദ്ധിപ്പിക്കണം. ടെസ്റ്റിംഗ് വികേന്ദ്രീകൃതമാക്കണം. ജനങ്ങൾക്ക് സ്വമേധയാ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം വേണം. അതിനായി സ്വകാര്യ ലാബുകളെ കൂടി സജ്ജരാക്കണം. അവശ്യമായ ഗൈഡ് ലൈൻ ഇതിനായി ഇറക്കണം.
ടെസ്റ്റ് റിസൽട്ട് വൈകുന്നത് മറ്റൊരു പ്രശ്നമാണ്. 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് കിട്ടാനുള്ള സംവിധാനം വേണം. ഇത് ലൈവ് ആയി അപ് ലോഡ് ചെയ്യാനുള്ള ഒരു പോർട്ടൽ അടിയന്തിരമായി സജ്ജമാക്കണം. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടു വേണം ഇത് തയ്യാറാക്കാൻ.
സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. നാണയം വിഴുങ്ങിയ ഒരു കുട്ടിക്ക് രണ്ട് ജില്ലകളിലായി മൂന്ന് ആശുപത്രികളിൽ കൊണ്ടുപോയിട്ടും ചികൽസ കിട്ടിയില്ല. ആ കുട്ടി മരിച്ചു. ഇതൊരു സൂചന മാത്രമാണ്.
കോവിഡ് അല്ലാത്ത രോഗങ്ങൾക്ക് ചികിൽസ കിട്ടാത്ത അവസ്ഥയാണിപ്പോൾ. ഇത്രയും കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണോ എന്ന് മുഖ്യമന്ത്രി ചോദിക്കുന്ന കേട്ടു. എന്ത് കൊണ്ട് പ്രതീക്ഷിച്ചില്ല? എൺപത് ലക്ഷം ആളുകൾക്ക് കോവിഡ് ബാധ ഉണ്ടാകുമെന്ന് കോടതിയിൽ പറഞ്ഞ് സർക്കാരല്ലേ.
ഇപ്പോൾ പ്രതിപക്ഷത്തെ കുറ്റം പറയന്ന മുഖ്യമന്ത്രി തുടക്കം മുതൽ കോവിഡിന്റെ രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇടുക്കിയിലെ പൊതു പ്രവർത്തകനെ അപമാനിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചായിരുന്നില്ലേ. അത് കഴിഞ്ഞ് സി പിഎമ്മിന്റെ എത്ര നേതാക്കളും മന്ത്രമാരും ക്വാറന്റൈനിൽ പോയി? ആരുടയെങ്കിലും പേര് മുഖ്യമന്ത്രി പറയുന്നുണ്ടോ?
ഇപ്പോഴത്തെ സാഹചര്യത്തിൽ, സർക്കാർ ആശുപത്രികളൊടൊപ്പം, സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി നമ്മളുടെ Resource Base വർദ്ധിപ്പിക്കണം. കേരളത്തിലെ 70% ഹോസ്പിറ്റൽ കിടക്കകളും സ്വകാര്യ ആശുപത്രികളിൽ ആണെന്ന് നാം ഓർക്കണം. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നു എന്നും അമിത ഫീസ് ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
ഇനിയെങ്കിലും മുഖ്യമന്ത്രി ഇരട്ടവേഷം അവസാനിപ്പിച്ച് ആത്മാർത്ഥമായി കോവിഡ് പ്രതിരോധത്തിനിറങ്ങണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. ദിവസവും പത്ര സമ്മേളനം മാത്രം നടത്തിയാൽ തീരുന്നതല്ല കോവിഡ് വ്യാപനമെന്ന് മുഖ്യമന്ത്രി മനസിലാക്കണം.
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)