Top Stories

ഇന്ന് രാമക്ഷേത്ര ശിലാസ്‌ഥാപനം

അയോധ്യ : വർഷങ്ങൾനീണ്ട കാത്തിരിപ്പിനും നീണ്ടകാലത്തെ നിയമയുദ്ധത്തിനുമൊടുവിൽ ഇന്ന്  അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് തുടക്കമാകും. രാമനാമ ജപങ്ങൾ അലയടിയ്ക്കുന്ന അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രംപണിക്ക് ഔപചാരിക തുടക്കംകുറിക്കും.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടർന്നുള്ള ശിലാസ്ഥാപനകർമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹമാണ് ശിലാസ്ഥാപനം നിർവഹിക്കുന്നത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

മംഗളകർമത്തിനു മുന്നോടിയായി അയോധ്യയിലെ വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കിയിരിക്കുകയാണ്. അയോധ്യയിലെ എല്ലാവീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും. സരയൂ നദിക്കരയാണ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം. സരയൂ തീരത്ത് ചൊവ്വാഴ്ച വൈകീട്ടുനടന്ന ആരതിയിൽ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്.

പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക. അഞ്ച് പ്രധാന വ്യക്തികളാണ് ഭൂമിപൂജയ്ക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ വേദിയിലുണ്ടാവുക -പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നിവര്‍. ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സംന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് പവിത്രമായ ചടങ്ങുകള്‍. രാജ്യത്തെ നൂറുകണക്കിന് പുണ്യസ്ഥലങ്ങളിലെ മണ്ണും പുണ്യനദികളിലെ ജലവും രാമജന്മഭൂമിയെ കൂടുതല്‍ പവിത്രമാക്കും.കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് കനത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നതെങ്കില്‍ പോലും ഉത്സവമയമായ അന്തരീക്ഷമാണ് അയോദ്ധ്യയുടെ സമീപ പ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലും ഒട്ടാകെയുള്ളത്.അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചിലവഴിക്കാനാണ് സാദ്ധ്യത. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ പ്രധാനമന്ത്രിയും മറ്റ് നാല് പേരും മാത്രമാകും വേദിയിലുണ്ടാവുക.

ഇന്നലെ രാവിലെ അയോദ്ധ്യയില്‍ ഹനുമാന്‍ പ്രതിഷ്ഠയിലെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. എല്ലാ പ്രാദേശിക ക്ഷേത്രങ്ങളിലും തുടര്‍ച്ചയായ അഖണ്ഡ രാമായണ പാരായണം ചങ്ങുകളുടെ ഭാഗമായി നടത്തുന്നുണ്ട്. വീടുകളിലും ക്ഷേത്രങ്ങളിലും സരയു നദിയിലും എണ്ണ വിളക്കുകള്‍ കത്തിച്ച്‌ ദീപാഞ്ജലി നടത്തും. പൂജകള്‍ക്കായി ടണ്‍ കണക്കിന് പൂക്കളാണ് അയോദ്ധ്യയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചിരിക്കുന്നത്. ഭൂമിപൂജ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ദൂരദര്‍ശന്‍ പൂർത്തിയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button