സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന്‍ ഐ.ജി ക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടും.
പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫാരിദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രതികള്‍ കോടികളുടെ ഹവാല പണം കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.എം.ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ കണ്‍സള്‍ട്ടന്‍സികളെ കുറിച്ച് അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം.
കേസില്‍ റമീസിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ചാണ് വിവര ശേഖരണം. നശിപ്പിച്ച ഫോണിലൂടെയാണ് സ്വര്‍ണക്കടത്ത് റാക്കറ്റ് നിയന്ത്രിക്കുന്നവരെ വിളിച്ചത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ജലാല്‍, ഷറഫുദ്ദീന്‍, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും.
അതിനിടെ എന്‍ഐഎ തിരുവനന്തപുരത്ത് പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ ഫ്ളാറ്റില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജലാല്‍, ഷാഫി, ഷറഫുദ്ദീന്‍, ഷെഫീഖ് എന്നീ പ്രതികളെയാണ് തെളിവെടുപ്പിനായി ഇവിടെ എത്തിച്ചത്.