News
എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
കൊച്ചി : എറണാകുളം എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് വള്ളങ്ങളിലായി മീൻപിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.പുക്കാട് സ്വദേശി സിദ്ധാർഥൻ, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാൾ കുറ്റിയിൽ പിടിച്ചു കയറി നീന്തി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
എളങ്കുന്നപ്പുഴ പുക്കാട് ഭാഗത്ത് രണ്ട് വഞ്ചികളിലായി നാല് പേരാണ് മീൻ പിടിക്കാൻ പോയത്. അതിൽ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അപകടമുണ്ടായത് കനത്ത മഴയിലും പുലർച്ചെയുമായതിനാൽ ആരും സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് രക്ഷപ്പെട്ടയാളാണ് അപകട വിവരം നാട്ടുകാരെ അറിയിക്കുന്നത്.