കോട്ടയം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കോവിഡ്
കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും വൈറസ് ബാധയുണ്ടായി. ഉത്തര്‍പ്രദേശില്‍ നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളും ടിവിപുരം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
അതിരമ്പുഴ, തലയാഴം(അഞ്ച് വീതം) ഉദയനാപുരം(നാല്) എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.
അതേസമയം, ഇന്ന് 45 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ആകെ 1422 പേര് രോഗബാധിതരായി. 923 പേര് രോഗമുക്തി നേടി.
1237 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. പുതിയതായി 1102 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ ഇതുവരെ ആകെ 35352 പേരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കി.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 152 പേരും വിദേശത്തുനിന്നു വന്ന 24 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 21 പേരും ഉള്‍പ്പെടെ 197 പേര് പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിലവില്‍ ആകെ 9593 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.