News
ട്രഷറി തട്ടിപ്പ്: പ്രതി ബിജുലാൽ അറസ്റ്റിൽ
തിരുവനന്തപുരം : വഞ്ചിയൂർ സബ് ട്രഷറിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി എം.ആർ. ബിജുലാൽ അറസ്റ്റിൽ. വഞ്ചിയൂർ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. പോലീസിൽ കീഴടങ്ങാനായാണ് രാവിലെ ബിജുലാൽ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
താൻ ട്രഷറിയിൽനിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാൽ പറഞ്ഞു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ബിജുലാൽ കീഴടങ്ങാനെത്തിയത്.
ജൂലായ് 27-നാണ് ബിജുലാൽ ട്രഷറിയിൽ നടത്തിയ കോടികളുടെ തട്ടിപ്പ് കണ്ടുപിടിക്കുന്നത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ആണ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ ബിജു ലാൽ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്ന് ബിജുലാൽ തന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയത്. ഇതിൽനിന്ന് 61.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലെ നാല് അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ബിജുലാലിനെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിജുലാൽ ഒളിവിൽത്തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കറിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ സി.ഐ., വഞ്ചിയൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ., ഷാഡോ പോലീസ് ഉദ്യോഗസ്ഥർ, രണ്ട് സൈബർ വിദഗ്ധർ എന്നിവരടുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.