രാമനെപോലെ രാമക്ഷേത്രവും ഐക്യത്തിന്റെ പ്രതീകമായി മാറും: പ്രധാനമന്ത്രി
അയോധ്യ : നൂണ്ടാകളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഐതിഹാസിക നിമിഷമാണിത്. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടു. രാമന്‍ നമ്മുടെ മനസിലും ഹൃദയത്തിലുമാണ് ജീവിക്കുന്നത്. ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇത്, ശ്രീരാമ ജയഘോഷങ്ങൾ ഇന്ന് അയോധ്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജന്മഭൂമിയില്‍ നിന്ന് രാമനെ നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളമാണ്. ഒരു കൂടാരത്തില്‍ നിന്ന് വലിയൊരു ക്ഷേത്രത്തിലേക്ക് രാംലല്ല മാറുകയാണ്. രാമക്ഷേത്രം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ ഉയരുന്ന വലിയ രാമക്ഷേത്രം, ശ്രീരാമന്റെ നാമം പോലെ, സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കും.അനന്തകാലത്തേക്കും മുഴുവൻ മനുഷ്യവർഗത്തേയും ക്ഷേത്രം പ്രചോദിപ്പിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറും. നമ്മുടെ ഭക്തിയുടെയും ദേശവികാരത്തിന്റെയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവത്കരിക്കും.ഭാവിതലമുറയെ പ്രചോദിതരാക്കും. പ്രധാനമന്ത്രി പറഞ്ഞു.
രാമനെ എപ്പോഴൊക്കെ മാനവരാശി വിശ്വസിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പുരോഗതിയുണ്ടായിട്ടുണ്ട്. എപ്പോഴെല്ലാം ആ പാതയിൽ നിന്ന വ്യതിചലിച്ചോ അപ്പോഴെല്ലാം നാശത്തിന്റെ വാതിലുകൾ തുറന്നിട്ടുണ്ട്. എല്ലാവരുടെയും വികാരങ്ങളെ നാം മാനിക്കണം. എല്ലാവരുടേയും പിന്തുണയോടെയും വിശ്വാസത്തോടെയും എല്ലാവരുടെയും വികസനം ഉറപ്പിക്കണം.
ചരിത്ര മുഹൂര്‍ത്തത്തില്‍ സാക്ഷിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. പ്രാര്‍ത്ഥനകള്‍ ഫലം കണ്ടെന്നും പോരാട്ടം അവസാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സരയു തീരത്ത് ചരിത്രം യാഥാര്‍ത്ഥ്യമായി.ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയായിരുന്നു. ദളിതരും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചു. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും. ക്ഷേത്രം വരുന്നതോടെ അയോദ്ധ്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിയെ എല്ലാവരും സ്വീകരിച്ചു. ഓരോ ഭാരതീയനിലും രാമന്റെ അംശമുണ്ട്. രാമനെപോലെ രാമക്ഷേത്രവും ഐക്യത്തിന്റെ പ്രതീകമായി മാറും. മലയാളം അടക്കം ഭാരതത്തിലെ ഓരോ ഭാഷയിലും രാമചരിതമുണ്ട്. വിദേശ രാജ്യങ്ങളിലും രാമനെ ആരാധിക്കുന്നുണ്ട്. കോടികണക്കിന് രാമഭക്തരുടെ വിജയദിനമാണ് ഇന്ന്.
ശ്രീരാമന്‍ എല്ലാവരുടേതുമാണ്. സത്യത്തെ മുറുകെ പിടിക്കാനാണ് അദ്ദേഹം പഠിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പുണ്യ അവസരത്തിൽ രാജ്യത്തെ കോടാനുകോടി രാമഭക്തർക്കും രാജ്യത്തെ എല്ലാ പൗരന്മാർക്കും ലോകമെമ്പാടുമുളള ഇന്ത്യക്കാർക്കും താൻ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശിലാസ്ഥാപനത്തിന് തന്നെ തിരഞ്ഞെടുത്ത രാമ ജന്മഭൂമി തീർഥട്രസ്റ്റിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.