Top Stories

വടക്കന്‍ കേരളത്തില്‍ കനത്ത മഴ;വ്യാപക നാശനഷ്‌ടം;വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു

കോഴിക്കോട് : വടക്കന്‍ കേരളത്തില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടം. ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ കനത്ത മഴയാണ് വിവിധ വടക്കൻ ജില്ലകളില്‍ പെയ്‌തത്. കോഴിക്കോട് നഗരത്തില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു. വയനാട് റോഡില്‍ പാറോപ്പടിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.  കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂർ, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം, ഫാറൂഖ് കോളേജ് വിമന്‍സ് ഹോസ്റ്റല്‍ , പന്തീരങ്കാവ് വള്ളിക്കുന്ന്, കുടല്‍ നടക്കാവ്, കൂടത്തുംപാറ ,പ്രൊവിഡന്‍സ് കോളേജ്, പയ്യാനക്കല്‍,ബേപ്പൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ മരങ്ങള്‍ വീണ് ഗതാഗത തടസം ഉണ്ടായി.

വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു.

കണ്ണൂരിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകൾ മരം വീണ് തകർന്നു. അഞ്ചുപേർക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. വൈദ്യുതലൈൻ പൊട്ടിവീണും മറ്റും പലയിടങ്ങളിലും ഏറെനേരം വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കണ്ണൂർ അഗ്നിരക്ഷാനിലയത്തിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. മരം മാറ്റി കാറിലുണ്ടായിരുന്നവരെ അഗ്നിരക്ഷാസേനാംഗങ്ങൾ ആസ്പത്രിയിലെത്തിച്ചു. മേലെചൊവ്വ ദേശീയപാതയിൽ കൂറ്റൻ മരം റോഡിന് കുറുകെ കടപുഴകിയതിനാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി വാഹനങ്ങൾ തിരിച്ചുവിട്ടു. ലോറിക്ക് തൊട്ടുമുന്നിലായാണ് മരംവീണത്. കാറ്റിന്റെ ശക്തിയിൽ കണ്ണൂർ സിറ്റിയിലെ കടകളുടെ ഓടുകളും മേൽക്കൂരയിലിട്ട ഷീറ്റുകളും പാറിപ്പോയി.

കാസര്‍കോട് രാത്രി ശക്തമായ മഴയുണ്ടായിരുന്നു. കാഞ്ഞങ്ങാട് തീരദേശമേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി. വീടുകള്‍ക്കു മുകളില്‍ മരങ്ങള്‍ പൊട്ടി വിണു .നിരവധി വൈദ്യുത തൂണുകളും പൊട്ടിവീണു. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് പത്തോളം വീടുകള്‍ വെള്ളക്കെട്ടിലാണ്. ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നാണ് ഇതുവരെ ലഭിച്ച വിവരം.

പാലക്കാട് ജില്ലയിലും ഇന്നലെ രാത്രി ഇടവിട്ട് മഴ പെയ്തു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും പാലക്കാട് തിരുവേഗപ്പുറത്ത് വീടിന് മുകളില്‍ മരം വീണു. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ആളപായമില്ല. ഭാരതപ്പുഴക്ക് കുറുകെ ഉള്ള വെള്ളിയാം കല്ല് റെഗുലേറ്റര്‍ ഷട്ടറുകളും തുറന്നു. പട്ടാമ്ബി ഉള്‍പ്പെടെ ഉള്ള നദീ തീരത്ത് ഉള്ള പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം ഉണ്ട്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും തകര്‍ന്ന അട്ടപ്പാടിയിലെ 33കെ.വി വൈദ്യുത ടവര്‍ നന്നാക്കാനുള്ള നടപടികള്‍ തുടരുകയാണ്.

താമരശേരി ചുരം രണ്ടാം വളവിലും മരം വീണ് ഗതാഗത തടസം ഉണ്ടായി. വയനാട് റോഡില്‍ പാറോപ്പടി ,മാവൂര്‍ പാറമ്മല്‍ തുടങ്ങിയ സ്ഥലങ്ങളിലും മരം വീണു അഗ്നി രക്ഷാ സേന മരം മുറിച്ചുമാറ്റി ഗതാഗത തടസം നീക്കി. ഫറോക്ക് കോളേജില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണ് ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല.

മലപ്പുറത്തും രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റില്‍ നിലമ്ബൂര്‍ കരിമ്ബുഴയില്‍ വീടിനു മുകളില്‍ മരം വീണു. അഷറഫ് എന്നയാളുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. വീട്ടുകാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്.

അഗ്നിരക്ഷാസേന റോഡുകളില്‍ വീണ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്.വൈദ്യുതി ബന്ധം പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ പലതിലും ഇതിനോടകം വെള്ളം കയറി. രാത്രി പതിനൊന്നരയോടെയാണ് മഴയും കാറ്റും തുടങ്ങിയത്. മലയോര മേഖലയിലും മഴയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button