Top Stories

ഞായറാഴ്ച വരെ കനത്ത മഴ; സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ്

കോഴിക്കോട് : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിൽ  ഉരുൾപ്പൊട്ടൽ സാധ്യത മുന്നറിയിപ്പുണ്ട്.  കേരളമടക്കം ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ ജല കമ്മീഷൻ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നൽകി.

വടക്കന്‍ കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ശക്തമായ കാറ്റും ഒപ്പം മഴയും ഉണ്ടാകുമെന്ന മുന്നയിപ്പുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി ഇരവഴിഞ്ഞി, പൂനൂർ പുഴകളിൽ ജലനിരപ്പ് ഉയർന്നു. പുതുപ്പാടി, കോടഞ്ചേരി പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. മലപ്പുറം-വയനാട് അതിർത്തികളിലെ മലമ്പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നത് ചാലിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായി. മുക്കത്ത് റോഡുകൾ വെള്ളത്തിനടിയിലായി.

കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പു കടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി. മുണ്ടേരിയില്‍ താത്ക്കാലിക തൂക്കുപാലം ഒലിച്ചുപോയി.

കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിര്‍മ്മിച്ചു നല്‍കിയ താത്ക്കാലിക പാലമാണ് ഒലിച്ചുപോയത്. ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു.

നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. കരുളായി, ചുങ്കത്തറ, മൂത്തേടം, പഞ്ചായത്തുകളിൽ കരിമ്പുഴ തീരത്ത് താമസിക്കുന്നവരും നിലമ്പൂർ മുനിസിപ്പാലിറ്റി, പോത്തുക്കല്ല്, ചുങ്കത്തറ, ചാലിയാർ ,മാമ്പാട്, പഞ്ചായത്തുകളിൽ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരും അടിയന്തരമായി ബന്ധുവീടുകളിലോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

പാലക്കാട് ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. നാല് എന്‍.ഡി.ആര്‍.എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് ഇന്നലെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മലയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയില്‍ 390 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഉരുള്‍പൊട്ടല്‍ വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലില്‍ 12 പേര്‍ മരിച്ച മേപ്പാടി പുതുമല മേഖലയിലും കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി അധികവെള്ളം തുറന്ന് വിടാന്‍ തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button