കരിപ്പൂർ വിമാന അപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു
കോഴിക്കോട് : കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
അപകടത്തിൽപ്പെട്ട ബോയിങ് 737 വിമാനത്തിൽ 191 യാത്രക്കാർ ഉണ്ടെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 16 പേർ മരിച്ചു. ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. അഖിലേഷ് ആണ് സഹപൈലറ്റ്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരും മരിച്ചു. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീൻ, ചെർക്കളത്തുപറമ്പ് സ്വദേശി രാജീവ് എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ രണ്ട് മൃതദേഹങ്ങളുണ്ട്. ഫറോഖ് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു.
വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടം കനത്ത മഴമൂലമെന്ന് സൂചന. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തു വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ഉണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനം തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിമാനം 35 അടി താഴ്ചയിലേക്ക് മറിഞ്ഞു.
4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേക്ക് പതിച്ചു. ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിന് ഇടായാക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുൻവാതിലിന്റെ അടുത്ത് വെച്ചാണ് വിമാനം രണ്ടായി പിളർന്നത്.
കോക്ക്പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള മുൻഭാഗമാണ് പൂർണമായും തകർന്നത്. വിമാനം രണ്ടായി പിളർന്നിട്ടുണ്ട്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ക്യാപ്റ്റൻ ദീപക് വി സാത്തേയും ക്യാപ്റ്റൻ അഖിലേഷുമാണ് വിമാനം പറത്തിയിരുന്നത്.