പെട്ടിമുടി ദുരന്തം; മരണം 17 ആയി
മൂന്നാർ : മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വൻദുരന്തത്തിൽ 17 പേർ മരിച്ചു. മണ്ണിൽപ്പെട്ടുപോയ 47 പേർക്കായി തിരച്ചിൽ തുടരുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. മേഖലയിൽ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. അഞ്ചു ലയങ്ങള്‍ മണ്ണിനടിയില്‍പെട്ടു. നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി. പെട്ടിമുടി ലയത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ കല്ലും ചെളിയും നിറഞ്ഞു. മണ്ണിനിടയില്‍പെട്ട ലയങ്ങളിലെ താമസക്കാരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. ആകെ 78 പേരാണ് ഈ ലയങ്ങളിൽ താമസിച്ചിരുന്നത്. ഇതിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ മൂന്നാർ ടാറ്റ ഹോസ്പിറ്റലിലും കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനും ആദ്യഘട്ടത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു.കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. പുതിയ പാലം നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു.
ദുരന്തവിവരം പുറത്തെത്താന്‍ വൈകിയതാണ് രക്ഷാപ്രവര്‍ത്തനത്തനം വൈകിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം മണ്ണിനടിയിലായി. മൊബൈല്‍ ടവര്‍ തകരാറിലായി. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.