Top Stories
പെട്ടിമുടി ദുരന്തം: 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
മൂന്നാര്‍ : മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വൻദുരന്തത്തിൽ മരിച്ച പതിനൊന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി 55 പേരെ കണ്ടെത്താനുണ്ട്. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.
മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതിനെ തുടർന്ന് പെട്ടിമുടി തോട്ടംമേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.വൈദ്യുതി ഇല്ലാത്തതിനാല്‍ ബിഎസ്എന്‍എല്‍ ടവര്‍ പ്രവര്‍ത്തനം നിലച്ചതോടെ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല.