Top Stories
പെട്ടിമുടി ദുരന്തത്തില്‍ ഇരയായവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മൂന്നാര്‍ : രാജമല പെട്ടിമുടിയിലുണ്ടായ
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് അടിയന്തര സഹായം. ഇടുക്കി രാമലയില് നിരവധി പേര്‍ക്ക് ജീവന് നഷ്ടമായ ദുരന്തത്തില്‍ വേദന പങ്കുവയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
രാജമലയിലെ മണ്ണിടിച്ചിൽ മൂലം ജീവനുകൾ നഷ്ടപ്പെട്ടത് വേദനയുളാക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, ദുരിതബാധിതർക്ക് സഹായം നൽകികൊണ്ട് ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
രാജമല ദുരന്തത്തില്‍ 14 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.
52 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. അഗ്നിശമനസേനയും പോലീസും വനംവകുപ്പും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
പെട്ടിമുടി തോട്ടം മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ലയത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതിനെ തുടർന്ന് പെട്ടിമുടി തോട്ടംമേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.വൈദ്യുതി ഇല്ലാത്തതിനാല്‍ ബിഎസ്എന്‍എല്‍ ടവര്‍ പ്രവര്‍ത്തനം നിലച്ചതോടെ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല.