Top Stories
രാജമലയില്‍ മണ്ണിടിച്ചില്‍; 70 ഓളം പേർ മണ്ണിനടിയിൽനിന്ന് കുടുങ്ങിക്കിടക്കുന്നു
മൂന്നാര്‍ : രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് വന്‍ മണ്ണിടിച്ചില്‍. പെട്ടിമുടി തോട്ടം മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 5 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നു.
83 പേരാണ് ഈ ലയങ്ങളിൽ താമസിച്ചിരുന്നതെന്നും ഇതിൽ 67 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നും സൂചന. മണ്ണിനടിയിൽനിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ എത്തിച്ചതായാണ് ഒടുവിൽ ലഭിയ്ക്കുന്ന റിപ്പോർട്ട്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടക്കമുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതിനെ തുടർന്ന് പെട്ടിമുടി തോട്ടംമേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.വൈദ്യുതി ഇല്ലാത്തതിനാല്‍ ബിഎസ്‌എന്‍എല്‍ ടവര്‍ പ്രവര്‍ത്തനം നിലച്ചതോടെ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. പ്രദേശത്തേക്ക് എൻ.ഡി.ആർ.എഫ്. സംഘം പുറപ്പെട്ടിട്ടുണ്ട്. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.
മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്.അധികൃതർക്ക് സ്ഥലത്ത് എത്തിച്ചേരാൻ കഴിയാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.