Top Stories

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ എണ്ണം 26 ആയി

മൂന്നാർ : രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ 15 മൃതദേഹങ്ങളും ഇന്ന് 11 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.  ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ശക്തമായ മഴ ഉച്ചയ്ക്കു ശേഷം തിരച്ചിലിന് തടസ്സമായി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേർന്ന ഭാഗത്ത് കൂട്ട സംസ്കാരം നടത്തി. ജെസിബി ഉപയോഗിച്ച് തയാറാക്കിയ രണ്ടു കുഴികളിലായിരുന്നു സംസ്കാരം.

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരുടെ    കുടുംബാഗങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പെട്ടിമുടിയില്‍ രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസും ഫയര്‍ ഫോഴ്സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. കൂടുതല്‍ മണ്ണ് മാന്തി യന്ത്രം എത്തി. അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നുണ്ട്. പ്രദേശത്ത് പത്തടി ഉയരത്തിൽ വരെ മണ്ണു മൂടിയിട്ടുണ്ട്. പലയിടത്തും വമ്പൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്. ഇത് തിരച്ചിലിനെ മന്ദഗതിയിലാക്കുന്നുണ്ട്.

മണ്ണിനടിയിൽ നിന്ന് ജീപ്പുകളുടെയും കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അവശിഷ്ടങ്ങളും ലഭിച്ചു. മ്ലാവ് ഉൾപ്പെടെ വന്യമൃഗങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. തിരച്ചിൽ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button