Top Stories

പമ്പ ഡാം തുറന്നു

പത്തനംതിട്ട : പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകൾ തുറന്നു തുടങ്ങിയത്. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോൾ നാൽപ്പത് സെന്റിമീറ്ററാണ് പമ്പയിൽ ജലനിരപ്പ് ഉയരുക. 983.5 മീറ്റർ ജലമാണ് ഇപ്പോൾ പമ്പ അണക്കെട്ടിലുള്ളത്.

നിലവിൽ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലർട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
ജലനിരപ്പ് 984.5 മീറ്റർ ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാൽ 983.5 മീറ്റർ ജലനിരപ്പ് എത്തിയപ്പോൾ തന്നെ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹ് അറിയിച്ചിട്ടുണ്ട്.

ഡാം തുറന്ന് ഏകദേശം അഞ്ചുമണിക്കൂർ കഴിയുമ്പോൾ മാത്രമേ റാന്നി ടൗണിൽ വെള്ളം എത്തൂ. നാളെ ഉച്ചയോടെ വെള്ളം തിരുവല്ലയിൽ എത്തും. ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയരില്ല. അതിനാൽ തന്നെ 2018ലെ പോലെ പ്രളയ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അത്തരം സാഹചര്യം ഒഴിവാക്കാനാണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്നതെന്നും കളക്ടർ പറഞ്ഞു.

ഇപ്പോൾ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കിൽ രാത്രി ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം അർധരാത്രിയോടെയാകും ഡാം തുറക്കേണ്ടി വരിക. ജലനിരപ്പ് ഫുൾ റിസർവോയർ ലെവൽ എത്തുന്ന സാഹചര്യത്തിൽ ഷട്ടർ ആറടിയോ എട്ടടിയോ ഉയർത്തേണ്ട സാഹചര്യമുണ്ടായേക്കാം. അങ്ങനെയെങ്കിൽ പമ്പയിലേക്ക് കൂടുതൽ വെള്ളമെത്തും. ഇങ്ങനെ വലിയ അളവിൽ ജലം നദിയിലേക്ക് എത്തുന്നത് ഒഴിവാക്കാനും കൂടി വേണ്ടിയാണ് അണക്കെട്ട് നേരത്തെ തുറക്കാൻ തീരുമാനിച്ചതെന്നും കളക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button