സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സ്വപ്ന സ്വർണ്ണക്കടത്തിൽ പങ്കാളിയായതിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തീവ്രവാദ പ്രവർത്തനത്തിൽ സ്വർണക്കടത്തും പെടും. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടുവെന്നും യുഎപിഎ ചുമത്താനുള്ള തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിർത്തു.
നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന് എൻഐഎയോട് കോടതി ചോദിച്ചിരുന്നു. ഇതേതുടർന്ന് അന്വേഷണ വിവരങ്ങൾ അടങ്ങിയ കേസ് ഡയറി എൻഐഎ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.അതേസമയം കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചത്.