Top Stories

ഇഐഎ വിജ്ഞാപനം: ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിലെ പല നിര്‍ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുപുറമെ സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്. പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി 1 ല്‍ അഞ്ച് ഹെക്ടറില്‍ കൂടുതല്‍, നൂറ് ഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. അതായത്, അഞ്ച് ഹെക്ടറിനും നൂറ് ഹെക്ടറിനും ഇടയില്‍ ഖനന പ്രവര്‍നങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. ഇതില്‍ അഞ്ച് ഹെക്ടര്‍ എന്നത് രണ്ട് ഹെക്ടര്‍ എന്നാക്കി ഭോദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അതായത്, രണ്ട് ഹെക്ടറിനു മുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമായി വരും.

രണ്ട് ഹെക്ടറിന് താഴെയുള്ള ചെറുകിട ആവശ്യങ്ങള്‍ക്ക് നിലവിലുള്ള ആനുകൂല്യം തുടരും. പദ്ധതികളുടെ അനുമതിക്കു മുന്‍പ് പബ്ലിക്ക് ഹിയറിംഗിനായി നിലവില്‍ അനുവദിച്ചിട്ടുള്ള സമയം പുതിയ കരട് വിജ്ഞാപനത്തില്‍ 20 ദിവസമായി കുറച്ചിട്ടുണ്ട്. എന്നാല്‍, ഇത് 30 ദിവസം തന്നെയായി നിലനിര്‍ത്തണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം. ഇത്രയും കുറഞ്ഞ സമയം പല മേഖലകളിലും പര്യാപ്തമല്ല.

ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പുള്ള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതികള്‍. ഇതിനുപുറമേ സംസ്ഥാനതലത്തില്‍ കൈകാര്യം ചെയ്യേണ്ട അപേക്ഷകളില്‍ ജില്ലാതല സമിതികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. ജില്ലാതല സമിതികളെ നിലനിര്‍ത്തണമെന്നാണ് നമ്മുടെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button