സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം
തിരുവനന്തപുരം : കോവിഡ് കാരണമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം വീണ്ടും തുടങ്ങും. പകുതി സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. പ്രദര്‍ശന ഇടവേളകളില്‍ തിയേറ്ററുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്.
അന്യഭാഷാ ചിത്രങ്ങളാണ് തുടക്കത്തില്‍ തിയേറ്ററുകളിലെത്തുക. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക. ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ എന്ന തമിഴ് സിനിമയും തിയേറ്ററുകളിലെത്തിയേക്കും. മറ്റന്നാള്‍ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.
മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുന്നത് അടക്കം തീയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും യോഗം. ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പ് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് യോഗം.
സിനിമ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ ഏര്‍പ്പെടുത്തിയിട്ടുള്ള 5 ശതമാനം വിനോദ നികുതി ഒഴിവാക്കുക, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ വൈദ്യുതി ചാര്‍ജിലും കെട്ടിട നികുതിയിലും ഇളവ് നല്‍കുക, ഒരു വാക്‌സിൻ എടുത്തവർക്കും പ്രവേശനം അനുവദിക്കുക തുടങ്ങിയവയാണ് സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.