Top Stories
ബംഗളൂരുവിൽ സംഘര്‍ഷം: പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു
ബംഗളുരു : ബംഗളൂരു നഗരത്തില്‍ സംഘര്‍ഷം. പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. 110 പേര്‍ അറസ്റ്റിലായി.സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കാര്‍ട്ടൂണിന്റെ പേരിലാണ് നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. എം എല്‍ എയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു.
ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങള്‍ക്കു തീവച്ചു. സംഘർഷം ചെറുക്കാൻ കണ്ണീർ വാതകവും, ലാത്തി ചാർജുമെല്ലാം പൊലീസിന് ഉപയോഗിക്കേണ്ടി വന്നു. തുടർന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ട് പേർ മരിച്ചത്. അറുപതോളം പൊലീസുകാർക്ക് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, തന്റെ പ്രവർത്തകരോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ട് എംഎൽഎ ശ്രീനിവാസ് മൂർത്തി സന്ദേശം അയച്ചു. കെജി ഹള്ളിയിലും, ഡിജി ഹള്ളിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 7 മണിയോടെയാണ് കലാപം തുടങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. എംഎൽഎയുടെ വീടിന് മുമ്പിൽ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.