മുളന്തുരുത്തി പള്ളി തിങ്കളാഴ്ചയ്ക്കുള്ളിൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി
കൊച്ചി : മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചക്കുള്ളിൽ പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ എം ഷെഫീക്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതിന് കോടതി നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇതിൽ നടപടി ഉണ്ടായില്ലെന്നു കാണിച്ച് പള്ളി ട്രസ്റ്റി കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. തുടർന്ന് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയുടെ സഹായം തേടുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കിയിരുന്നു.
പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് പ്രാർഥനക്കുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും കോവിഡ് രോഗ ഭീഷണിയും പ്രളയ സാഹചര്യങ്ങളും നിലനിലക്കുന്നതിനാൽ ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമല്ല കളക്ടർക്കുള്ളതെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കേന്ദ്രസേനയുടെ സഹായം തേടാൻ കോടതി നിർദ്ദേശിച്ചത്.