കാസർകോട്ടെ പെൺകുട്ടിയുടെ മരണം കൊലപാതകം;കൊന്നത് സഹോദരൻ
കാസർകോട് : വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം കൊലപാതകം. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം.
ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാൽ അരീങ്കലിലെ ബെന്നിയുടെ മകൾ ആൻമേരി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുൻപ് ആൻമേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സ തേടി. മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്.
പെൺകുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്. ജോലിക്ക് പോകാത്തതിനും അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലും മാതാപിതാക്കൾ വഴക്ക് പറഞ്ഞതാണ് 22-കാരനായ ആൽബിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
സഹോദരൻ നേരത്തെയും കൊലപാതകശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയിലായിരുന്നു ആദ്യം വിഷംകലർത്തിയത്. പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച കറിയിൽ വീട്ടിലുണ്ടായിരുന്ന എലിവിഷം കലർത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കൻ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആൽബിൻ മാത്രം ഒഴിഞ്ഞുമാറി. വിഷം കലർന്ന ചിക്കൻ കറി കഴിച്ചെങ്കിലും മാതാപിതാക്കൾക്കും സഹോദരിയ്ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല. തുടർന്ന് മറ്റൊരു ദിവസം ഐസ് ക്രീം ഉണ്ടാക്കി അതിൽ വിഷം കലക്കി മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നൽകുകയായിരുന്നു.