ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ
കാസര്‍ഗോഡ് : വെള്ളരിക്കുണ്ട് ബളാൽ അരിങ്കല്ലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് സഹോദരന്‍ ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളെയുൾപ്പെടെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്നും ആൽബിൻ പോലീസിനോട് പറഞ്ഞു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്. സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ അഞ്ചിനാണ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി-ബെസി ദമ്പതികളുടെ മകള്‍ ആന്‍മരിയ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് മരിച്ചെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ മരണശേഷം നടത്തിയ പരിശോധയില്‍ ശരീരത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. ഇതിനു പിന്നാലെ പിതാവ് ബെന്നിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കുട്ടിയുടെ മരണത്തില്‍ സംശയം ജനിച്ചത്.
ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതി ശ്രമിച്ചത്. ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റംസമ്മതിച്ചു. സ്വത്തായ 4 ഏക്കര്‍ കൃഷിയിടം സ്വന്തമാക്കി നാടുവിടാനായിരുന്നു പദ്ധതി. തന്റെ ജീവിത രീതിയോട് മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചു. സംഭവത്തിന് ഒരാഴ്ച മുന്‍പ് വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയില്‍ എലിവിഷം കലര്‍ത്തി കൊല്ലാൻ ശ്രമിച്ചങ്കിലും വിഷാംശം കുറവായതിനാല്‍ ആദ്യശ്രമം പരാജയപ്പെട്ടു.
പിന്നീട് ജൂലൈ 29 ന് വീണ്ടും എലിവിഷം വാങ്ങി പിറ്റേ ദിവസം. ആൻമേരിയും ആൽബിനും ചേർന്ന് വീട്ടിൽ ഐസ്ക്രീമുണ്ടാക്കി. രണ്ട് പാത്രങ്ങളിലായാണ് ഐസ്ക്രീം ഉണ്ടാക്കിയിരുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു. വലിയ പാത്രത്തിലെ ഐസ്ക്രീം ഫ്രീസറിൽവെച്ച് തണുപ്പിച്ച് എല്ലാവരും കഴിച്ചു.
31-ാം തീയതിയാണ് ആൽബിൻ ചെറിയ പാത്രത്തിലെ ഐസ്ക്രീമിൽ വിഷം കലർത്തിയത്. പാക്കറ്റിലെ പകുതിയിലേറെ വിഷവും ചെറിയ പാത്രത്തിൽ കലർത്തി. തൊട്ടുപിന്നാലെ ആൻമേരി ചെറിയ പാത്രത്തിലെ ഐസ്ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം തന്നെ ആൻമേരിയും ബെന്നിയും ആ ഐസ്ക്രീം കഴിച്ചു. അമ്മ ജെസി വളരെക്കുറച്ച് മാത്രമാണ് കഴിച്ചത്. ഈ സമയം ആൽബിൻ തന്ത്രപൂർവം ഐസ്ക്രീം വേണ്ടെന്ന് പറഞ്ഞ് മാറിന്നു. എന്നാൽ തന്റെ കൺമുന്നിൽ സഹോദരിയും പിതാവും വിഷം കലർന്ന ഐസ്ക്രീം കഴിക്കുന്നത് ആൽബിൻ നോക്കിനിൽക്കുകയായിരുന്നു.
ഒന്നാം തീയതി രാവിലെയാണ് ആൻമേരിയുടെ ആരോഗ്യനില മോശമായത്. ഛർദിയും വയറിളക്കവും ശക്തമായതോടെ ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേദിവസം പിതാവ് ബെന്നിയ്ക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇരുവരും വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയി അവിടുത്തെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവിടെവെച്ചാണ് ഓഗസ്റ്റ് അഞ്ചാം തീയതി ആൻമേരി മരിച്ചത്.
ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നി ഗുരുതരാവസ്ഥയില്‍ പയ്യന്നൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ട അമ്മ ബെസി ബന്ധുവീട്ടിലാണുള്ളത്. കാഞ്ഞങ്ങാട് ഡിവൈ. എസ്പി എംപി വിനോദ് കുമാര്‍, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രോംസദനന്‍, എസ്‌ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.