കെഎസ്എഫ്ഇയിൽ നിന്നും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ
കൊച്ചി : കെ എസ് എഫ് ഇയിൽ നിന്നും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ. 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടേയും വിവരങ്ങൾ ചോർത്തി അമേരിക്കൻ കമ്പനിക്ക് വിൽപന നടത്തിയെന്നാണ് പി ടി തോമസ് ആരോപിയ്ക്കുന്നത്. കമ്പനിയായ ക്ലിയർ ഐ ആണ് വിവരം ചോർത്തിയതെന്നാണ് ആരോപണം.
കെ എസ് എഫ് ഇ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോർട്ടലും നിർമ്മിക്കാൻ നൽകിയ ടെണ്ടറിലാണ് വൻ അഴിമതി നടന്നതായി ആരോപിക്കുന്നത്. സ്പ്രിംഗ്ളർ മോഡൽ കമ്പനിയായ ക്ലിയർ ഐ ഡാറ്റ ചോർത്തിയെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എസ് എഫ് ഇ ഡാറ്റ കൈമാറിയത് സർക്കാരിന്റെ അറിവോടെയാണ്. ചട്ടവിരുദ്ധമായാണ് കരാർ ഉറപ്പിച്ചത്. സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കാനെന്ന രീതിയിലാണ് ഈ ടെൻഡർ ഇഷ്ടക്കാർക്ക് നൽകിയത്. 14 കമ്പനികൾ താൽപര്യപത്രം സമർപ്പിച്ചു. 9 കമ്പനികളെ യോഗ്യത ഇല്ലാത്തതിനാൽ തള്ളി. വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ച് കമ്പനികളെ ഉൾപ്പെടുത്തി ടെണ്ടർ വിളിച്ചു. ടെണ്ടർ നടപടിയിൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ പോലും പാലിക്കാതെ എ ഐ വെയർ, തോട്ട് റിപ്പിള്സ് പ്രൈവറ്റ് ലിമിറ്റഡ്, വി.എസ്.റ്റി മോബിലിറ്റി സോല്യൂഷൻസ് എന്നീ കമ്പനികൾ ഉൾപെടെ എ ഐവെയർ & കൺസോർഷ്യം പാർട്നേഴ്സിന് മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും നിർമ്മിക്കുന്നതിനായി കരാർ നൽകുകയായിരുന്നു. ടെൻഡർ കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഈ നടപടി.
കമ്പനികളുടെ കൺസോർഷ്യം രൂപീകരിച്ച് 46 ദിവസം മാത്രം പഴക്കമുള്ള എ ഐ വെയർ എന്ന കമ്പനി ടെൻഡർ കരസ്ഥമാക്കി. ടെണ്ടർ ലഭിച്ച് ആറുമാസത്തിനുള്ളിൽ പ്രസ്തുത കമ്പനി ക്ലിയർ ഐ എന്ന അമേരിക്കൻ കമ്പനിയിൽ ലയിക്കുകയായിരുന്നു. അമേരിക്കൻ കമ്പനിയായ ക്ലിയർ ഐ യുടെ ഡയറക്ടർമാരിൽ ഒരാളായ മൈൽസ് എവെർസൻ വിവാദ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ ഏഷ്യൻ റീജണൽ ഡയറക്ടർ കൂടിയാണ്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർമാരിൽ ഒരാളായ ജെയ്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കൺസൾട്ടന്റുമാണെന്നത് കൂട്ടിവായിച്ചാൽ ദുരൂഹത വർധിക്കുന്നുവെന്നും പി ടി തോമസ് ആരോപിച്ചു.