Top Stories

മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. മറ്റ് മന്ത്രിമാരുടെയും പരിശോധനാ ഫലം ഉടന്‍തന്നെ പുറത്തുവരും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകാനും കൊവിഡ് പരിശോധന നടത്താനും തീരുമാനമായത്.  ഫലം നെഗറ്റീവ് ആയെങ്കിലും  നിലവില്‍ നിരീക്ഷണത്തില്‍ തുടരാന്‍ തന്നെയാണ്  എല്ലാവരുടെയും തീരുമാനം.

കൊവിഡ് ബാധിതനായ മലപ്പുറം ജില്ലാകളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും സ്വയംനിരീക്ഷണത്തിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറിയും സ്വയംനിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കെ.കെ. ശൈലജ, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍,കെ.ടി.ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് നിരീക്ഷണത്തിലായ മന്ത്രിമാര്‍.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മുഖ്യമന്ത്രിയുടെ പതിവു വാര്‍ത്താസമ്മേളനം ഉണ്ടായിരിക്കില്ല. നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും പതാക ഉയര്‍ത്തുക. നിരീക്ഷണത്തിലുള്ള മന്ത്രിമാര്‍ക്ക് ചുമതലയുണ്ടായിരുന്ന ജില്ലകളിലും പകരം ക്രമീകരണം ഏര്‍പ്പെടുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button