കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും മുൻ ചീഫ് ജസ്റ്റിസ്മാരെയും അവഹേളിച്ചതിനെ തുടർന്നുണ്ടായ കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി. അദ്ദേഹത്തിനെതിരായ ശിക്ഷ സംബന്ധിച്ച വാദം ഓഗസ്റ്റ് 20 ന് നടക്കും.
പ്രശാന്ത് ഭൂഷൺ ചെയ്ത രണ്ട് ട്വീറ്റുകളാണ് അദ്ദേഹത്തിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുക്കാൻ കാരണം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരിൽ ആഢംബര ബൈക്കായ ഹാർലി ഡേവിഡ്സണിൽ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് ‘ജനങ്ങൾക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട് ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’ എന്നായിരുന്നു ഒരു ട്വീറ്റ്.
സുപ്രീംകോടതിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ രണ്ടാമത്തെ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്യ്തത്.
ഈ ട്വീറ്റുകളെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്.
നീതിനിർവഹണത്തിന് അവമതിപ്പുണ്ടാക്കുന്നതും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസ്സിനെയും അധികാരത്തെയും അപമാനിക്കുന്നതുമാണ് ഭൂഷന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത വേളയിൽ സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു. എന്നാൽ കോടതിയെ അവഹേശിക്കുന്നതിനല്ല അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ നിലപാട്.