Top Stories

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും കോവിഡ് നിയന്ത്രിക്കുന്നതിലും മരണസംഖ്യ പിടിച്ചുനിര്‍ത്തുന്നതിലും രാജ്യം വിജയിച്ചുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 74ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.  കോവിഡ് പോരാട്ടത്തിന് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും ആരോഗ്യ പ്രവർത്തകരോടും മുന്നിൽനിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപ്പെട്ടിരിക്കുന്നു.രാജ്യത്തിനുവേണ്ടി മാതൃകാപരമായ പ്രവർത്തനമാണ് അവർ കാഴ്ചവച്ചത്. കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാൽ അത് കുറഞ്ഞുപോകും. ചെയ്യാൻ കഴിയുന്നതിനും അപ്പുറത്തുള്ള പ്രവർത്തനമാണ് എല്ലാ കോവിഡ് പോരാളികളും നടത്തിയത്.

ഈ വര്‍ഷം പതിവുരീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷമില്ല. ലോകമെമ്പാടും മാരകമായ ഒരു വൈറസ് പടര്‍ന്നു പിടിക്കുന്നതും അത് ജീവിതത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ലോകത്തെ പിടിച്ചുലച്ച മഹാമാരിയുടെ വ്യാപനത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു. അതിലൂടെ നിരവധി മനുഷ്യ ജീവനുകൾ സംരക്ഷിക്കുന്നതിൽ നാം വിജയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

വിശാലവും ജനസാന്ദ്രത ഏറിയതും വ്യത്യസ്ത സാഹചര്യങ്ങൾ നിലനിൽക്കുന്നതുമായ നമ്മുടെ രാജ്യത്ത് വെല്ലുവിളിയെ നേരിടാൻ കഴിഞ്ഞത് അസാധാരണമായ പരിശ്രമത്തിലൂടെയാണ്.പ്രാദേശിക സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞു. ജനങ്ങൾ അതിനെല്ലാം പൂർണ പിന്തുണ നൽകി. ലോകത്ത് എവിടെയുമുള്ള ഇന്ത്യക്കാരെ സഹായിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. കോവിഡ് മഹാമാരിക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്ത് എത്തിച്ചു.

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ കോടിക്കണക്കിന് ജനങ്ങൾക്ക് സർക്കാർ പിന്തുണ നൽകി. തൊഴിൽ നഷ്ടപ്പെട്ടവർക്കും ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടിവന്നവർക്കും കോവിഡ് വ്യാപനംമൂലം ജീവിതമാർഗം തടസപ്പെട്ടവർക്കും അത് ആശ്വാസമായി. സൗജന്യ ഭക്ഷ്യധാന്യങ്ങൾ ആവശ്യമുള്ളവർക്കെല്ലാം നൽകിയതിനാൽ ഒരു കുടുംബത്തിനും വിശന്ന് കഴിയേണ്ടി വന്നില്ല. എല്ലാ മാസവും 80 കോടി ജനങ്ങൾക്ക് സർക്കാർ റേഷൻ ഉറപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന് മഹാത്മാഗാന്ധി വഴിവിളക്കായി എന്നത് നമ്മുടെ ഭാഗ്യമാണ്. മഹാത്മാവായ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യൻ മണ്ണിൽ മാത്രമെ ഉണ്ടാവുകയുള്ളൂ. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ നാം നന്ദിപൂർവം സ്മരിക്കേണ്ടതുണ്ട്. നമുക്കെല്ലാം സ്വതന്ത്ര രാജ്യത്ത് ജീവിക്കാൻ കഴിയുന്നത് അവരുടെ ത്യാഗത്തിന്റെ ഫലമായാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സ്വാശ്രയത്വം എന്നാല്‍ ലോകത്തില്‍ നിന്ന് അകലം പാലിക്കുകയോ അകലം സൃഷ്ടിക്കുകയോ ചെയ്യാതെ സ്വയംപര്യാപ്തരാകുക എന്നതാണ്. തന്റെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുമായി ഇടപഴകുന്നത് തുടരും. ഏത് പ്രത്യാഘാതങ്ങളും നേരിടാന്‍ ഇന്ത്യ ശക്തരാണെന്ന് നമ്മുടെ സൈനികരുടെ ധൈര്യം തെളിയിച്ചു. ലഡാക്കില്‍ രാജ്യത്തിനായി ജീവത്യാഗം വരിച്ച എല്ലാ സൈനികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിന ആശംസകളും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button