Top Stories

കോവിഡ് മുൻകരുതലുകളോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി

ന്യൂഡൽഹി : രാജ്യത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി. നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം 4000 പേർക്കാണ് ഇത്തവണ ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്. കോവിഡ് പശ്ചാത്തലത്തിലുള്ള മുൻകരുതലുകളും വൻ സുരക്ഷയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്.

കവാടങ്ങളിൽ എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിക്കും. ഔദ്യോഗിക ക്ഷണമില്ലാത്ത ആരേയും കടത്തിവിടില്ല. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവർക്കായി നാല് മെഡിക്കൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളിൽ ആംബുലൻസുകളും ഒരുക്കി നിർത്തും.

അതിഥികൾ തമ്മിൽ ആറടി അകലത്തിൽ വരുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ഗാർഡ് ഓഫ് ഓണറിലെ അംഗൾ ക്വാറന്റീൻ ചെയ്തവരാണ്. ചെറിയ കുട്ടികൾക്ക് പകരം ഇത്തവണ ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാൻ എൻസിസി കേഡറ്റുകളാണ് എത്തുക. എല്ലാ അതിഥികളോടും നിർബന്ധമായും മാസ്ക് ധരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വേദിയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി മതിയായ മാസ്കുകളും തയ്യാറാക്കിയിട്ടുണ്ട്. വിവധയിടങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകളും ലഭ്യമാക്കും.

ആളുകളുടെ ചലനം സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ക്രമീകരണങ്ങളുണ്ട്. നീണ്ട വരി ഒഴിവാക്കുന്നതിനും എല്ലാ ക്ഷണിതാക്കൾക്കും സുഗമമായ കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനും മതിയായ അകലങ്ങളിലായി മെറ്റൽ ഡിറ്റക്ടറുകളുള്ള കൂടൂതൽ കവാടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് ഏരിയകളിലും ക്രമീകരണങ്ങളുണ്ട്. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തും സമഗ്രമായ ശുചിത്വവത്കരണം നടത്തിയിട്ടുണ്ടെന്നും  പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button