News
ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തു
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു. വൈകിട്ട് മൂന്നര മുതൽ രാത്രി എട്ടേ മുക്കാൽ വരെയായിരുന്നു കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യൽ. സ്വപ്നയടക്കമുള്ള സ്വർണക്കടത്തു കേസിലെ പ്രതികളുടെ സാന്നിധ്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.
ശിവശങ്കറുമായി അടുത്ത ബന്ധമാണെന്ന് ചോദ്യംചെയ്യലിനിടെ സ്വപ്ന അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വപ്നയുൾപ്പെടെ മൂന്നു പ്രതികൾക്കും ഉന്നതരായ പല വ്യക്തികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ഇഡി ചോദ്യം ചെയ്യ്തത്.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു. സ്വർണക്കടത്ത് പ്രതികളുടെ കസ്റ്റഡി നീട്ടിച്ചോദിക്കവേയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നാ സുരേഷിനെ ചോദ്യംചെയ്തതിൽനിന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗണ്യമായ സ്വാധീനമുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.