ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സിആര്‍പിഎഫിലെ രണ്ട് ജവാന്മാര്‍ക്കും ജമ്മു കശ്മീര്‍ പൊലീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് ജീവന്‍ നഷ്ടമായത്.
ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളള ബാരാമുളളയിലാണ് സംഭവം. ക്രെറി ചെക്ക്‌പോസ്റ്റില്‍ സിആര്‍പിഎഫ്- ജമ്മു കശ്മീര്‍ പൊലീസ് സംയുക്ത നിരീക്ഷണം നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് കടന്നുക്കളഞ്ഞ ഭീകരരെ കണ്ടെത്തുന്നതിനുളള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് സുരക്ഷാ സേന.
വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.