കോഴിക്കോട് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി. വടകര റൂറൽ എസ്.പി. ഓഫീസിലെ ഹെഡ് ക്ലർക്ക് ഷഹീൻ ബാബു, മാവൂർ സ്വദേശിനി സുലു(49) എന്നിവരാണ് മരിച്ചത്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 13-ാം തിയതിയാണ് ഷഹീൻ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷഹീൻ ബാബുവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ എസ്.പി. ഓഫീസിലെ ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിരുന്നു.
മരിച്ച മാവൂർ സ്വദേശിനി സുലുവിന്റെ ഭർത്താവും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. നേരത്തെ ഒരു ശസ്ത്രക്രിയക്കു വേണ്ടി സുലുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ സഹായിക്കാനായി നിന്ന സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.