തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകി
ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും.
ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്‍ഡറില്‍ കൂടുതല്‍ തുക നിര്‍ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്പിക്കുന്നതെന്നും ജാവദേക്കര്‍ വിശദീകരിച്ചു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം വികസിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
തിരുവനന്തപുരം ഉള്‍പ്പെടയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പും വികസനവും 50 വര്‍ഷത്തേക്ക് കരാര്‍ നല്‍കാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്. എന്നാല്‍ സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ(തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) കീഴില്‍ത്തന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.