സുശാന്ത് സിങ്ങിന്റെ മരണത്തിൽ സിബിഐ അന്വേഷണമാകാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണമാകാമെന്ന് സുപ്രീം കോടതി. ബീഹാര്‍ സര്‍ക്കാരിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരായ എഫ്ഐആർ പറ്റ്നയിൽ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവർത്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി അംഗീകരിച്ചു. സുശാന്തിന്റെ മുൻ കാമുകി റിയ ചക്രബർത്തിക്കും കുടുംബത്തിനും എതിരായായിരുന്നു പരാതി. സുഷാന്തിനെ നടിയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടിൽനിന്ന് കോടികൾ തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു.
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് ബിഹാര്‍ സര്‍ക്കാര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തത്. കേസില്‍ മഹാരാഷ്ട്ര പൊലിസും അന്വേഷണം നടത്തുന്നുണ്ട്. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.