സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യഴാഴ്ച ഉച്ച വരെ 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
മലപ്പുറത്ത് മഞ്ചേരി കരുവമ്പ്രം സ്വദേശിയായ കുഞ്ഞിമൊയ്തീൻ (65) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരണം.
ഹൃദയ സംബന്ധമായ അസുഖത്തിന് ഓഗസറ്റ് 10 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോട്ടയത്ത് വടവാതൂർ സ്വദേശി പി.എൻ ചന്ദ്രൻ (74) ആണ് മരിച്ചത്. ആദ്യകാല ആർഎസ്എസ് പ്രവർത്തകനായിരുന്നു. കോട്ടയം അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദ രോഗിയായിരുന്നു.
പത്തനംതിട്ടയിൽ പ്രമാടം സ്വദേശി പുരുഷോത്തമൻ (69) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിതൻ ആയിരുന്നു. കാസർഗോട്ട് തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി പി വിജയകുമാറാണ് (55) മരിച്ചത്. നേരത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയ വിജയകുമാറിനെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വീണ്ടും കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. മൂന്നാഴ്ചയോളമായി പരിയാരത്ത് ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇയാളുടെ ഭാര്യയ്ക്കും മകൾക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.