ദയ യാചിക്കില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങും: പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി : തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ദയ യാചിക്കില്ലന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും കോടതി തെറ്റിദ്ധരിക്കുകയായിരുന്നെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.
പുനഃപരിശോധനാ ഹർജി നൽകാൻ സാവകാശം വേണമെന്നും കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഇത് നിരാകരിച്ചു. എല്ലാത്തിനും ലക്ഷ്മണ രേഖയുണ്ടെന്നും പ്രശാന്ത് ഭൂഷൺ അത് ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് മുൻ കൂട്ടി തയ്യാറാക്കിയ പ്രസ്താവന പ്രശാന്ത് ഭൂഷൺ കോടതിയിൽ വായിച്ചു.
ജനാധിപത്യത്തിൽ ഏതൊരു സ്ഥാപനത്തിനു നേരെയും തുറന്ന വിമർശനം ഭരണഘടനയെ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. അതു തന്റെ കടമയായി കരുതുന്നു. അത് പിൻവലിക്കില്ല. കോടതിയുടെ മഹിമ ഉയർത്തിപ്പിടിക്കുന്നതിനാണ് താൻ ശ്രമിച്ചത്. അതിന്റെ പേരിൽ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതിൽ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.ശിക്ഷിക്കപ്പെടും എന്നതിലല്ല താൻ വേദനിക്കുന്നത്, അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ്. ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ, താൻ ജുഡീഷ്യറിയെ നിന്ദയോടെ ആക്രമിച്ചു എന്നു കോടതി കണ്ടെത്തിയതിൽ തനിക്കു നിരാശയുണ്ട്. ക്ഷമാപണം നടത്തുകയോ ദയ അഭ്യർഥിക്കുകയോ ചെയ്യില്ല. നിയമപ്രകാരം കോടതി നൽകുന്ന ഏത് ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
എല്ലാ വ്യക്തികൾക്കും കോടതിയെ വിമർശിക്കുന്നതിനുള്ള അധികാരമുണ്ട്. എന്നാൽ അതിന് ഒരു ലക്ഷ്മണ രേഖയുണ്ട്. പ്രശാന്ത് ഭൂഷൺ ആ പരിധി ലംഘിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരത്തിലെടരൊരു നടപടി ഉണ്ടായതെന്ന് പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ സംബന്ധിച്ച് ഇന്ന് കോടതിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി.