നീറ്റ്, ജെഇഇ പരീക്ഷ: വിദ്യാര്‍ത്ഥികള്‍ കൊവിഡ് ഇല്ലെന്ന് എഴുതിനല്‍കണം.
ഡൽഹി : നീറ്റ്, ജെഇഇ (NEET, JEE) പരീക്ഷകള്‍ക്കുള്ള സുരക്ഷാ പ്രോട്ടോകോള്‍ തീരുമാനിച്ചു. പരീക്ഷകള്‍ എഴുതാനായി വിദ്യാര്‍ത്ഥികള്‍ കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്‍താവന എഴുതിനല്‍കണം. കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ ശരീര പരിശോധന ഉണ്ടാവില്ല. ശരീരോഷ്‍മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക ഹാളിലായിരിക്കും പരീക്ഷ.
പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്കായി ഗ്ലൗസുകൾ, മാസ്‌കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. മാസ്‌ക് വിദ്യാർത്ഥികൾ നിർബന്ധമായും ധരിച്ചിരിക്കണം. അധ്യാപകർ മാസ്‌കിനൊപ്പം ഗ്ലൗസും ധരിക്കണം. പരീക്ഷാ ഹാളിലുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് സെപ്റ്റംബര്‍ 13 നും ഐഐടി ഉള്‍പ്പടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ജോയിന്‍റ് എന്‍ട്രന്‍സ് പരീക്ഷ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയും നടത്താനാണ് തീരുമാനം.
ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27നാണ്. കൊവിഡിനെ തുടര്‍ന്ന് നീറ്റ് രണ്ട് തവണ മാറ്റിവെച്ചിരുന്നു. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വീണ്ടും പരീക്ഷ തിയതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. രാജ്യത്ത് 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.