Top Stories

ഓണക്കിറ്റുകളിൽ വ്യാപക ക്രമക്കേട്; തൂക്കക്കുറവും ഗുണനിലവാരമില്ലായ്മ്മയും കണ്ടെത്തി

കോട്ടയം : സംസ്ഥാന സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ വ്യാപക ക്രമക്കേട്. പായ്ക്കിങ് സെന്ററുകളിലും റേഷൻ കടകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കിറ്റുകളുടെ തൂക്കക്കുറവും സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മ്മയും കണ്ടെത്തി.

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 500 രൂപ വിലയുള്ള ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും അടങ്ങിയ ഓണക്കിറ്റുകളിൽ 300 രൂപ വിലവരുന്ന സാധനങ്ങളേ പായ്ക്ക് ചെയ്യുന്നുള്ളൂവെന്ന വിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ്  വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. പായ്ക്ക് ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിൽ കുറവുള്ളതായും ഗുണനിലവാരം കുറവാണെന്നും വ്യക്തമായി. കിറ്റിന്റെവില സപ്ലൈകോയുടെ വിലവിവരപ്രകാരം 500 രൂപയിൽ കുറവാണെന്നും വെളിപ്പെട്ടു.

ശർക്കരയുടെ പായ്ക്കറ്റിൽ തൂക്കക്കുറവും ഉത്പാദന തീയതിയും കാലാവധിയും രേഖപ്പെടുത്തിയിട്ടില്ല. ചങ്ങനാശ്ശേരിയിലെ പായ്ക്കിങ്‌ സെന്ററിൽ വിതരണത്തിനായിെവച്ചിരുന്ന ശർക്കരയുടെ ഗുണനിലവാരത്തിൽ സംശയം ഉണ്ടായതിനെ തുടർന്ന് പരിശോധനയ്ക്കായി സാമ്പിൾ തിരുവനന്തപുരത്തെ ലാബിലേക്ക്‌ അയച്ചു. ഭക്ഷ്യയോഗ്യമാണോയെന്ന പരിശോധനാഫലം വന്നശേഷം വിതരണം ചെയ്താൽ മതിയെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ നിർദേശം നൽകി.

കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സപ്ലൈകോയുടെ കീഴിലുള്ള വിവിധ പായ്ക്കിങ്‌ സെന്ററുകളിലും കിറ്റുകൾ വിതരണം ചെയ്യുന്ന റേഷൻ കടകളിലുമാണ് ഓപ്പറേഷൻ കിറ്റ് ക്ലീൻ എന്ന പേരിൽ വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.

വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിജിലൻസ് ഡിവൈ.എസ്.പി.മാരായ എ.കെ.വിശ്വനാഥൻ, എം.കെ.മനോജ്, ഹരി വിദ്യാധരൻ, വി.ആർ.രവികുമാർ, വി.ജി.രവീന്ദ്രനാഥ്,ഇൻസ്പെക്ടർമാരായ എൻ.ബാബുക്കുട്ടൻ, റിജോ പി.ജോസഫ്, രാജൻ കെ.അരമന, രാജേഷ് കെ.എൻ. തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button