Top Stories
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്: പൊതുമാർഗനിർദേശങ്ങൾ പുറത്തിറക്കി
ന്യൂഡൽഹി : കോവിഡ് കാലത്ത് നടത്തുന്ന തിരഞ്ഞെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുമാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതിയ നിർദേശപ്രകാരം സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാം. വീടുകൾ തോറുമുള്ള പ്രചാരണത്തിന് പരമാവധി 5 പേർ മാത്രമേ പങ്കെടുക്കാവൂ.
പൊതു മാർഗനിർദേശങ്ങൾ
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം.
- സാമൂഹിക അകലം നിർബന്ധം.
- വോട്ടിങ്ങിനായി സജ്ജീകരിച്ച മുറിയുടെ പ്രവേശനകവാടത്തിൽ സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. എല്ലാവരേയും തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കണം.
- വോട്ടെടുപ്പിന് എല്ലാ വോട്ടർമാരും കയ്യുറ ധരിക്കണം.
- സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വലിയ മുറികൾ വോട്ടിങ്ങിനായി സജ്ജമാക്കണം.
- പോളിങ് ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ എന്നിവർക്കായി ആവശ്യത്തിന് വാഹനങ്ങൾ ഉറപ്പാക്കണം.
- എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കണം. ഇവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകും.
- വീടുകൾ തോറുമുള്ള പ്രചാരണത്തിന് പരമാവധി 5 പേർ മാത്രം.
- നാമനിർദേശ പത്രികയും സത്യവാങ്ങമൂലവും ഓൺലൈനായും ലഭ്യമാണ്. പത്രിക ഓൺലൈനായി സമർപ്പിക്കുകയോ ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പി എടുത്ത് റിട്ടേണിങ്ങ് ഓഫീസർക്ക് നൽകുകയോ ചെയ്യാം.
- കെട്ടിവെക്കാനുള്ള തുക ഓൺലൈനായും നേരിട്ടും അടയ്ക്കാം.
- നാമനിർദേശപത്രിക സമർപ്പിക്കുന്ന ആൾക്കൊപ്പം പരമാവധി രണ്ട് പേർക്ക് റിട്ടേണിങ്ങ് ഓഫീസറുടെ മുന്നിലെത്താം.
- തപാൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഭിന്നശേഷിക്കാർ, 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കോവിഡ് നിരീക്ഷണത്തിലുള്ളവർ, അവശ്യസർവീസുകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും ലഭിക്കും.