അദാനിക്കെതിരെ സമരം നടത്തുമ്പോൾ അദാനിക്ക് തന്നെ കൺസൾട്ടൻസി നൽകുന്ന മുഖ്യമന്ത്രി കുമ്പിടിയാണെന്ന് കെ.സുരേന്ദ്രൻ
തൃശ്ശൂർ : ഒരു ഭാഗത്ത് അദാനിക്കെതിരെ സമരം നടത്തുമ്പോൾ മറുഭാഗത്ത് അദാനിക്ക് തന്നെ കൺസൾട്ടൻസിയും നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുമ്പിടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കോടി അമ്പത്തിയൊന്നുലക്ഷം രൂപ കെപിഎംജിക്കാണ് കൺസൾട്ടസി പോയിരിക്കുന്നത്. 55 ലക്ഷം പോയിരിക്കുന്നത് അദാനിയുടെ മകന്റെ ഭാര്യക്ക് തന്നെയാണ്. എന്തൊരു കൺസൾട്ടൻസി രാജാണ് പിണറായി വിജയനെന്നും, മുഖ്യമന്ത്രി കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ലജ്ജ എന്നൊരു വാക്ക് മുഖ്യമന്ത്രിയുടെ നിഘണ്ടുവിലില്ല. പിണറായി വിജയനും സംഘവും സംസ്ഥാനം കൊള്ളയടിക്കുകയാണ്. സ്വര്‍ണക്കടത്ത് പിടിച്ചില്ലെങ്കില്‍ പിണറായി കേരളത്തെ വിഴുങ്ങുമായിരുന്നു. അദാനി ആരുടെ ആളാണെന്ന് പിണറായിയോട് ചോദിക്കണം. കടകംപ്പള്ളിക്ക് കമ്മിഷന് അടിക്കാന്‍ പറ്റാത്തതിന്റെ ബേജാറാണ്. വിമാനത്താവളം തന്നെ വിഴുങ്ങാനായിരുന്നു കടകംപ്പള്ളിയുടേയും കൂട്ടരുടേയും നീക്കം. സര്‍ക്കാരിന് ഒന്നും പറായന് ഇല്ലാത്തതു കൊണ്ടാണ് വിമാനത്താവളവുമായി ഇറങ്ങുന്നത്.വിമാനത്താവളത്തിനെതിരെ ഒരു സമരവും നടക്കില്ല. നരേന്ദ്രമോദി ഒരു കാര്യം നടത്തുമെന്ന് പറഞ്ഞാല്‍ അത് നടത്തിയിരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതി യുണിടാക്കും സ്വപ്നയും സരിത്തും ശിവശങ്കരനും മാത്രമുളള ഇടപാടല്ല. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുനടത്തിയ അഴിമതിയാണ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും മുഖ്യഗുണഭോക്താവും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
തുടക്കം മുതലുളള നടപടികൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. തൃശ്ശൂർ ജില്ലാ കളക്ടറുടെ സ്ഥാനമാറ്റം പോലും ഈ ഗൂഢാലോചനയുടെ ഫലമായിട്ടാണ്.കൊളളപ്പണത്തിന്റെ വലിയൊരു ശതമാനം മുഖ്യമന്ത്രിയുമായി അടുപ്പമുളളവരിലേക്കാണ് പോയിരിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തത്. അന്വേഷണം നടന്നാൽ ഇതിൽ മുഖ്യമന്ത്രി പ്രതിയാകും എന്നുളളതുകൊണ്ട് മാത്രമാണ്. ഈ തട്ടിപ്പിന്റെ സൂത്രധാരൻ സ്വപ്നയും ശിവശങ്കറുമല്ല മുഖ്യമന്ത്രി തന്നെയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുചില ആളുകൾക്കും തട്ടിപ്പുസംഘമായി ബന്ധമുണ്ടെന്നുളള ഇഡിയുടെ റിപ്പോർട്ട് കോടതിക്ക് മുമ്പാകെ വന്ന് 36 മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അതേ കുറിച്ച് വിശദീകരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയല്ല ലൈഫ് മിഷൻ തട്ടിപ്പിന്റെ ഗുണഭോക്താവല്ലെങ്കിൽ അന്വേഷണത്തെ നേരിടാൻ അദ്ദേഹം തയ്യാറാകണം.
പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുകയാണ് സംസ്ഥാന സർക്കാർ. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. പലതവണ മുഖ്യമന്ത്രിയെ സ്വപ്ന സന്ദർശിച്ചിട്ടുണ്ടന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായുളള ലേലത്തിന് കൺസൾട്ടൻസി ഏൽപ്പിച്ചത് അദാനിയുടെ ബന്ധുവിനെയാണെന്ന മാധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.