അനധികൃത കെട്ടിടം പൊളിച്ചു: ഗുണ്ടാസംഘം പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ചു
മൂന്നാർ : അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചതിന്റെ വൈരാഗ്യത്തിൽ ഗുണ്ടാസംഘം പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിൽ വടിവാളും മരക്കമ്പുകളുമായെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തിയത്.
അംഗപരിമിതനായ പഞ്ചായത്ത് സെക്രട്ടറി ടി.രഞ്ജൻ, അക്കൗണ്ടന്റ് ശ്രീകുമാർ, ജീവനക്കാരായ രാമൻ, മനു, സുമേഷ് എന്നിവരെ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്കൗണ്ടന്റ് ശ്രീകുമാറിന്റെ കൈയും കാലും രാമന്റെ കൈയും അക്രമികൾ തല്ലിയൊടിച്ചു.
ചിന്നക്കനാൽ വില്ലേജ് ഓഫീസിന് സമീപം നടത്തിവന്ന അനധികൃത കെട്ടിട നിർമാണത്തിന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഞായറാഴ്ച സ്ഥലത്തെത്തിയ കളക്ടർ നിർമാണം കാണുകയും പൊളിക്കാൻ ഉത്തരവിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ റവന്യൂ സംഘം കെട്ടിടം പൊളിച്ചുമാറ്റി. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം എന്നാണ് പരിക്കേറ്റ ജീവനക്കാർ പറയുന്നത്.
പഞ്ചായത്ത് ഓഫീസിനോടുചേർന്നുള്ള മുറിയിലാണ് ജീവനക്കാർ താമസിക്കുന്നത്. രാത്രിയിൽ ഓഫീസ് തല്ലിത്തകർക്കുന്ന ബഹളം കേട്ടെത്തിയ ജീവനക്കാരെ സംഘം ആക്രമിക്കുകയായിരുന്നു. വടിവാളും മരക്കമ്പുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് സെക്രട്ടറി രഞ്ജൻ പറഞ്ഞു.