കരിപ്പൂർ വിമാന ദുരന്തം: എയർഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നൽകിത്തുടങ്ങി
കൊച്ചി : കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും എയർഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നൽകിത്തുടങ്ങി. 12 വയസ്സിനു മുകളിൽ മരണപ്പെട്ടവർക്ക് 10 ലക്ഷംരൂപയും 12 വയസ്സിനു താഴെ മരണപ്പെട്ടവർക്ക് അഞ്ചുലക്ഷവുമാണ് അടിയന്തിര നഷ്ട പരിഹാരം നൽകുക. 55 പേർക്ക് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. പരിക്കേറ്റവർക്കാണ് ആദ്യഘട്ട നഷ്ടപരിഹാരം നൽകുന്നത്. മരിച്ചവരുടെ അനന്തരാവകാശികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമാകുന്ന മുറയ്ക്കായിരിക്കും ഇടക്കാല നഷ്ടപരിഹാരം നൽകുക.
കരിപ്പൂർ വിമാനത്താവളത്തിൽ ഓഗസ്റ്റ് ഏഴിനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 വിമാനം തകർന്നുവീണത്. അപകടത്തിൽ ഇതുവരെ 21 പേർ മരിച്ചു. മരിച്ച നാലുകുട്ടികൾ 12 വയസ്സിനു താഴെയുള്ളവരാണ്. പരിക്കേറ്റവരിൽ 25 പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരുടെ ചികിത്സാച്ചെലവുകളും എയർഇന്ത്യയാണ് വഹിക്കുന്നത്.
പൂർണ നഷ്ടപരിഹാരം വൈകുമെന്നതിനാൽ കേന്ദ്ര നിർദേശപ്രകാരം അടിയന്തര ഇടക്കാല നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു. പ്രത്യേക വാട്സാപ്പ് നമ്പറിലൂടെ പരിക്കേറ്റവരുടെ ബാങ്ക് അക്കൗണ്ട്,തിരിച്ചറിയൽരേഖകൾ എന്നിവ ശേഖരിച്ചാണ് തുക കൈമാറിയത്.പരിക്കേറ്റവർക്കുള്ള ഇടക്കാല നഷ്ടപരിഹാരം ഓണത്തിനുമുമ്പ് പൂർണമായും നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു.