സർക്കാരിന്റെ അപ്പീ തള്ളി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് തന്നെ
കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം എതിർത്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിൾ ബഞ്ച് നടപടി ചോദ്യം ചെയ്താണ് ഡിവിഷൻ ബഞ്ചിനെ സർക്കാർ സമീപിച്ചത്. 2019 സെപ്റ്റംബർ 30-നാണ് സിംഗിൾ ബെഞ്ചിന്റെ വിധിയുണ്ടായത്. അതേസമയം കുറ്റപത്രം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
അപ്പീൽ ഹർജിയിൽ ഒൻപതുമാസം മുൻപേ വാദം പൂർത്തിയായതാണ്. മുൻ സോളിസിറ്റർ ജനറൽ ഉൾപ്പെടെയുള്ള അഭിഭാഷകരെയാണ് സർക്കാർ ഹൈക്കോടതിയിൽ വാദിക്കാനായി എത്തിച്ചത്. കൊലനടന്ന് മൂന്നുമാസം പൂർത്തിയാകുന്നതിന് ഒരുദിവസം മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചന നടത്തിയതിൽ നേതാക്കൾക്ക് പങ്കുണ്ടെന്നും കാണിച്ച് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ കേസിലെ മുഖ്യപ്രതി പീതാംബരനുൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം ജാമ്യഹർജി നൽകിയിരുന്നു. ഹൈക്കോടതി ഇത് പരിഗണിക്കവെ, ഡിവിഷൻ ബെഞ്ചിന്റെ വിധി വൈകുന്നതിനാൽ അന്വേഷണം തുടരാനാകുന്നില്ലെന്ന് സി.ബി.ഐ. അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത് ലാലിന്റെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40-ഓടെ കല്യോട്ട് കൂരാങ്കര റോഡിൽ അക്രമികൾ ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി അയ്യങ്കാവ് വീട്ടിൽ പീതാംബരനാണ് ഒന്നാംപ്രതി. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുൾപ്പെടെ മൂന്നുപേർക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവർ റിമാൻഡിലാണ്.