വിമാനത്താവളം കൈമാറിയ കേന്ദ്ര നടപടിയ്ക്ക് സ്റ്റേ ഇല്ല
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അടിയന്തിരമായി ഹർജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ച ഹൈക്കോടതി കേസ് സെപ്റ്റംബർ 15ലേക്ക് വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവെച്ചു.
വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ സംസ്ഥാന സർക്കാർ നേരത്തേ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ വിധി വരും വരെ കേന്ദ്ര നടപടി സ്റ്റേ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ, ഇടക്കാല ഉത്തരവ് നൽകാനാവില്ലെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിക്കുകയായിരുന്നു.
അതേസമയം, വിമാനത്താവളത്തിൽ സംസ്ഥാനത്തിനുള്ള അവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിന് ഉൾപ്പെടെയുള്ള അവസരമൊരുക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൽ കക്ഷികളായ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വാദങ്ങൾ എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.