പെരിയ ഇരട്ടക്കൊലക്കേസ്: അഭിഭാഷകർക്ക് നൽകിയ പണം തിരിച്ചടയ്ക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : പാവങ്ങളുടെ നികുതിപ്പണംകൊണ്ട് കൊലയാളികൾക്ക് സംരക്ഷണമൊരുക്കുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കല്ല്യോട്ടെ കേസെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സി.ബി.ഐ. അന്വേഷണം വേണ്ടെന്നുപറയാൻ ഹൈക്കോടതിയിൽ നിയോഗിച്ച അഭിഭാഷകർക്ക് 1.85 കോടി രൂപയാണ് ഖജനാവിൽനിന്ന് കൊടുത്തത്. ഇത് മാർക്സിസ്റ്റ് പാർട്ടിയിൽനിന്ന് ഈടാക്കി തിരിച്ചടയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യും ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛൻമാരും നടത്തിയ ഉപവാസസമരം അവസാനിപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു ചെന്നിത്തല.
സി.ബി.ഐ. അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതിയിൽ സി.ബി.ഐ. അഭിഭാഷകൻ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്നുപേരും കല്യോട്ടെ സ്മൃതിമണ്ഡപത്തിൽ നിരാഹാരസമരം തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച രാവിലെ 10 വരെയായിരുന്നു നിരാഹാരത്തിന് തീരുമാനിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ച വിധിവരുന്നതുവരെ നിരാഹാരം തുടർന്നു. ഓൺലൈനിലൂടെയാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ഉമ്മൻചാണ്ടിയും ഓൺലൈൻവഴി പങ്കെടുത്തു.