Top Stories
ഓണാഘോഷം: സംസ്ഥാനത്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേരള സര്‍ക്കാര്‍. കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെയുളള മറ്റു പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് മണി വരെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്കി.
വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചു വേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ. ഒരേസമയം എത്ര പേര്‍ക്ക് കടകളില്‍ പ്രവേശിക്കാമെന്നുളളത് വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം. കടയിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. എല്ലാ കടകളിലും സാനിറ്റൈസര്‍ കരുതണം.
ഓണം വിപണിയില്‍ തിരക്ക് അനുഭവപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ കൂടുതൽ താല്കാലിക പൊതു മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കുകയും വിപണിയില്‍ സാമൂഹിക അകലം പാലിക്കാനുളള നടപടികള്‍ കെെക്കൊളളുകയും വേണം. ഇതിനായി പരിശീലനം ലഭിച്ചവരുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.
സമൂഹസദ്യകളും പ്രദര്‍ശന വ്യാപാര മേളകളും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. അതോടൊപ്പം ഓഫീസുകളിലെ പൂക്കളങ്ങള്‍ ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ വാങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.