News
നായയെ കാറിൽകെട്ടിവലിച്ച സംഭവം: കാർ ഡ്രൈവർ അറസ്റ്റിൽ
കൊച്ചി : നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന്റെ പിന്നിൽ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെയാണ് ചെങ്ങമനാട് പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റുചെയ്തത്.
ഐ.പി.സി. 428, 429 വകുപ്പുകൾ പ്രകാരവും പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് നിയമ പ്രകാരവുമാണ് കേസ് എടുത്തത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.
എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്ത് ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കഴുത്തിൽ കുടുക്കിട്ട നായയെ കാറിന്റെ പിന്നിൽ കെട്ടിയ ശേഷം ഓടിച്ചു പോവുകയായിരുന്നു. മറിഞ്ഞുവീണ് റോഡിലൂടെ ഉരഞ്ഞുരഞ്ഞു നീങ്ങുകയായിരുന്നു നായ. നായയെ ഉപേക്ഷിക്കുന്നതിനായി കാറില്‍കെട്ടി വലിച്ചുകൊണ്ടുപോകുകയായിരുന്നു യൂസഫ്. കാറിനു പിന്നാലെ വന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്.
യുവാവ് ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യൂസഫ് കയറില്‍നിന്നു നായയെ അഴിച്ചുവിട്ടു. ദേഹമാസകലം മുറിവേറ്റ നായ ഓടി രക്ഷപ്പെടുകയും ചെയ്തു. നായയെ പിന്നീട് മൃഗക്ഷേമ പ്രവര്‍ത്തക സംഘടനയായ ‘ദയ’ ഏെറ്റടുത്തു. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതത്.