11 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ ഇ.ഡി വിട്ടയച്ചു
കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 11 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ തൽക്കാലത്തേക്ക് ഇ.ഡി വിട്ടയച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ ജോയിന്റ് ഡയറക്ടർ ജയ്ഗണേഷിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടന്നത്. രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. മൊഴികൾ വിലയിരുത്തിയ ശേഷം അടുത്ത ആഴ്ച വീണ്ടും ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തും.
ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ യുഎഎഫ് എക്സ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചുവെന്ന് നേരത്തെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടർമാരിൽ ഒരാളായിട്ടുള്ള അബ്ദുൾ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപെടലുകൾ നടത്തിയെന്ന വിവരവും ഇ.ഡിക്ക് ലഭിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് ഇ.ഡി ബിനീഷിനെ വിശദമായി ചോദ്യം ചെയ്തത്.