Month: August 2020
- Uncategorized
സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ആറ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും, പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യയ്ക്കും മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് എറണാകുളത്ത് മരിച്ചത്. ലോട്ടറി വിൽപനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കണ്ണൂരിൽ ചക്കരയ്ക്കൽ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജിയും ഉപ്പള സ്വദേശി ഷെഹർബാനുവും മരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
Read More » - News
രണ്ടുകോടിരൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റിന് സസ്‌പെൻഷൻ
തിരുവനന്തപുരം : വഞ്ചിയൂർ ട്രഷറിയിൽ ജീവനക്കാരൻ രണ്ടുകോടിരൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വൻ തട്ടിപ്പ്. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലാണ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടിരൂപ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയത്. സംഭവം പുറത്ത് വന്നതിനെ തുടർന്ന് ബിജുലാലിനെ സസ്പെൻഡ് ചെയ്ത് ട്രഷറി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. 61.23 ലക്ഷം രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാൽ മാറ്റിയത്. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിൻവലിക്കാൻ കഴിഞ്ഞില്ല. ഏപ്രിൽ 20 മുതൽ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറിവകുപ്പ് പോലീസിൽ പരാതി നൽകിയത്.
Read More » - News
സമാജ്‌വാദി പാർട്ടി മുൻ നേതാവ് അമർ സിങ് അന്തരിച്ചു
ന്യൂഡൽഹി : സമാജ്‌വാദി പാർട്ടി മുൻ നേതാവും രാജ്യസഭാ എം.പിയുമായ അമർ സിങ് (64) അന്തരിച്ചു. സിങ്കപ്പുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏഴ് മാസമായി അമർ സിങ് സിങ്കപ്പുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2013 മുതൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം നേരത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
Read More » - News
ഓഗസ്റ്റ് 10-നുമുമ്പ് ചാനൽ നിരക്ക് കുറയ്ക്കാൻ ട്രായ് നിർദേശം
ഡൽഹി : ഓഗസ്റ്റ് പത്തിനുമുമ്പ് നിരക്ക് കുറയ്ക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചാനലുകൾക്ക് നിർദേശം നൽകി. പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയിൽനിന്ന് (നികുതി ഒഴികെ) 12 രൂപയിലേക്ക് കുറയ്ക്കുക എന്നതാണ് ട്രായിയുടെ പുതിയ നിർദേശങ്ങളിൽ പ്രധാനം. അടിസ്ഥാന നിരക്കായ 130 രൂപയ്ക്ക് 100 എസ്.ഡി. ചാനലുകൾ എന്നത് 200 എണ്ണമാക്കി വർധിപ്പിക്കുക, 200-ൽ കൂടുതൽ ചാനലുകൾ ഉണ്ടെങ്കിലും പരമാവധി നിരക്ക് 160 രൂപയിൽ കൂടരുത്, ഒരുവീട്ടിൽ രണ്ട് ടെലിവിഷൻ ഉപയോഗിക്കുന്നുവെങ്കിൽ ആദ്യത്തേതിന്റെ അടിസ്ഥാന നിരക്കിന്റെ 40 ശതമാനമേ രണ്ടാമത്തേതിന് ഈടാക്കാവൂ, പരമാവധി നിരക്ക് 12 രൂപയിലധികമുള്ള ചാനലുകൾ ഒരു ബൊക്കെയിലും ഉൾപ്പെടുത്തരുത് എന്നിങ്ങനെയാണ് ട്രായിയുടെ പുതുക്കിയ നിർദേശങ്ങളിലുള്ളത്. ഇക്കഴിഞ്ഞ ജനുവരിയിൽത്തന്നെ ഈ നിർദേശം ട്രായ് മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം ജനുവരി 15-നുള്ളിൽ പുതിയ നിരക്കുകൾ പ്രഖ്യാപിക്കാൻ ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രായിയുടെ നിർദേശം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചാനൽ കമ്പനികൾ വിവിധ കോടതികളെ സമീപിച്ചിരുന്നു. കേസ് വിധിപറയാൻ മാറ്റിവച്ചിരിയ്ക്കുകയാണ്. പുതിയ നിർദേശങ്ങൾ കോടതികൾ സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഇതുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. 2019-ലാണ് ചാനൽ നിരക്കുകൾ നിജപ്പെടുത്തിയും അടിസ്ഥാന നിരക്കുകൾ നിർണയിച്ചും ട്രായ് പുതിയ നിയമം കൊണ്ടുവന്നത്. ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും പലയിടത്തും നിരക്ക് കുത്തനെ കൂടി. ഇത് വലിയ പ്രതിഷേധത്തിനു കാരണമായി. ഇത് മറികടക്കാൻവേണ്ടിയാണ് ട്രായ് ജനുവരിയിൽ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
Read More »