Top Stories
ധാരണകൾ ലംഘിച്ചു; ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ ചൈന തല്‍സ്ഥിതി പുനഃസ്ഥാപിക്കണം: ഇന്ത്യ
മോസ്കോ : ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ചൈനയുടെ ക്ഷണപ്രകാരം ചൈനീസ് പ്രതിരോധ മന്ത്രി ജെനറൽ വെയ് ഫെങ്ങുമായി ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
അതിര്‍ത്തിയില്‍ പൂര്‍ണ പിന്‍മാറ്റം വേണമെന്നും ചെെന ധാരണകള്‍ ലംഘിച്ചെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. പാംഗോങ് തടാക മേഖലയിൽ പുതിയ കൈയേറ്റ ശ്രമം ചൈനയുടെ ഭാഗത്തുനിന്നുണ്ടായതിനപ്പറ്റി ഇന്ത്യ ഈ യോഗത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു. അതിർത്തിയിലെ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി.
ലഡാക്ക് സംഘർഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഉന്നത നേതൃത്വതലത്തിലുള്ള യോഗമാണ് മോസ്കോയിൽ നടന്നത്. പ്രതിരോധ സെക്രട്ടറി അജയ് കുമാർ, റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡി.ബി വെങ്കടേശ് വർമ്മ എന്നിവർ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം യോഗത്തിൽ പങ്കെടുത്തു. ചർച്ച രണ്ട് മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്നു.
അതേസമയം, ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണെന്നും തര്‍ക്ക പരിഹാരത്തിന് ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യം ഉണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.