News
കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ടോയ്‌ലറ്റിന്റെ കിളിവാതിൽ വഴി ചാടിപ്പോയി
കൊല്ലം : കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി. കരിക്കോട് ടി.കെ.എം. കോളജ് ഹോസ്റ്റലിലെ നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നയാൾ ടോയ്‌ലറ്റിന്റെ വെന്റിലേഷൻ വാതിൽ പൊളിച്ചാണ് ചാടിപ്പോയത്.
ഇന്നലെയാണ് സംഭവം, മേയ് ഒന്നിന് പേരൂരിൽ കശുവണ്ടി ഫാക്ടറിക്കുള്ളിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി നിരീക്ഷണത്തിലാക്കിയ ആളാണിത്. മുറിയിൽ ആളെ കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ശൗചാലയം അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടു. കതക് തുറക്കാത്തതിൽ സംശയിച്ച് നടത്തിയ പരിശോധനയിൽ ശൗചാലയത്തിന്റെ കിളിവാതിൽ പൊളിച്ച് രണ്ടാംനിലയിൽനിന്ന് പൈപ്പിൽ തൂങ്ങി താഴെയിറങ്ങി പുറത്തേക്കുപോയതായി കണ്ടെത്തുകയായിരുന്നു.
ഇയാൾ എറണാകുളത്തുനിന്ന് എത്തിയതാണെന്നായിരുന്നു ആരോഗ്യപ്രവർത്തകരോട് പറഞ്ഞത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി.